കോടതിവിധി ആശ്വാസം : തുടർനടപടികളുമായി മുന്നോട്ടെന്ന് ഉത്സവസംഘാടകരുടെ തീരുമാനം
1488509
Friday, December 20, 2024 5:07 AM IST
ഷൊർണൂർ: നിയമക്കുരുക്കിൽപെട്ടു പ്രതിസന്ധിയിലായ ഉത്സവങ്ങൾ മങ്ങലേൽക്കാതെ നടത്താൻ സാധ്യത തെളിഞ്ഞ സന്തോഷത്തിൽ ഉത്സവപ്രേമികളും സംഘാടകരും.
ഇതുസംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവ് ഏറെ ആശ്വാസകരമാണെന്നും തുടർനടപടികൾ കൂടിയാലോചിച്ച് കൈക്കൊള്ളുമെന്നും ജില്ലയിലെ ഉത്സവസംഘാടകരുടെ യോഗത്തിൽ പ്രതിനിധിയായ പുത്തൻവീട്ടിൽ ശശിധരൻ പറഞ്ഞു.
ഉത്സവങ്ങളുടെ നിലനിൽപ്പിനു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെട്ടു നിയമനിർമാണം നടത്തണമെന്ന നിലപാടുമായി മുന്നോട്ടു പോകാനാണു ജില്ലാ ക്ഷേത്ര വെടിക്കെട്ട് സംരക്ഷണ സമിതിയുടെ തീരുമാനം.
ആന എഴുന്നള്ളിപ്പും വെടിക്കെട്ടും നേരിടുന്ന പ്രതിസന്ധികൾക്കിടെയാണ് ഉത്സവപ്രേമികൾക്കാശ്വാസമായി പുതിയ കോടതി വിധി വന്നത്.
ചിനക്കത്തൂർ പൂരം, നെന്മാറ- വല്ലങ്ങി വേല കമ്മിറ്റികൾ നേതൃത്വം നൽകുന്ന സമിതി കഴിഞ്ഞ ദിവസം കളക്ടറേറ്റിലേക്കു സമരവും സംഘടിപ്പിച്ചിരുന്നു.
കേന്ദ്ര, സംസ്ഥാന മന്ത്രിമാരെ നേരിൽക്കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്താനും ചീഫ് ജസ്റ്റിസിനു കത്ത് അയ്ക്കാനുമുള്ള തീരുമാനവുമായി മുന്നോട്ടുപോകാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം.
ഉത്സവങ്ങൾക്കു അനുമതി നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ആചാര, അനുഷ്ഠാനങ്ങളും സംസ്കാരവും സംരക്ഷിച്ചു ജനകീയ പങ്കാളിത്തത്തോടെ ഉത്സവങ്ങൾ നടത്താനായിരുന്നു ബന്ധപ്പെട്ടവരുടെ യോഗത്തിലെടുത്ത തീരുമാനം.