കുടിവെള്ളംമുട്ടി വണ്ടാഴി ആന്തൂർകുളമ്പ് വാസികൾ
1488781
Saturday, December 21, 2024 4:24 AM IST
വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്തിലെ ആന്തൂർ കുളമ്പ് പ്രദേശത്തുകാർക്ക് കുടിവെള്ളം മുടങ്ങിയിട്ട് ഒരു മാസത്തോളമായി. പരാതി നൽകിയിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ല.
ജല ദൗർലഭ്യം നേരിടുന്ന ആന്തൂർ കൊളമ്പിലെ അമ്പതോളം കുടുംബങ്ങൾക്കായി വർഷങ്ങൾ മുമ്പ് സ്വാശ്രയ കുടിവെള്ള പദ്ധതി നടപ്പാക്കിയിരുന്നു. ഇതിനായി വണ്ടാഴി പഞ്ചായത്ത് കുഴൽക്കിണറും മോട്ടോറും സ്ഥാപിച്ചു നൽകി.
പ്രദേശവാസികൾ തന്നെ പണം സമാഹരിച്ചാണ് വൈദ്യുതി ബില്ലും മറ്റു പരിപാലന ചെലവുകളും കണ്ടെത്തി നിർവഹിച്ചിരുന്നത്.
കഴിഞ്ഞ ഒരു മാസത്തോളമായി കുഴൽ കിണറിലെ വെള്ളം താഴ്ന്ന് വറ്റിയതായി പ്രദേശവാസികൾ പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടും ബദൽ കുഴൽ കിണറിന് വണ്ടാഴി പഞ്ചായത്ത് ശ്രമിക്കുന്നില്ലെന്ന് പ്രദേശവാസികൾ പരാതി പറഞ്ഞു.
അടുത്തവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മാത്രമേ പുതിയ കുഴൽ കിണർ നിർമിക്കാൻ കഴിയൂ എന്ന് അധികൃതർ പറഞ്ഞതായി പ്രദേശവാസികൾ പറഞ്ഞു. പഞ്ചായത്തംഗം എം. ശിവദാസ് ഇതു സംബന്ധിച്ച് കളക്ടർക്ക് കത്തെഴുതിയിട്ടുണ്ടെന്നു പറഞ്ഞ് പ്രദേശവാസികളെ സമാധാനിപ്പിക്കുകയാണ്.
കുടിവെള്ളക്ഷാമം രൂക്ഷമായ ആന്തൂർ കുളമ്പിൽ നിർദിഷ്ട മംഗലം ഡാം കുടിവെള്ള പദ്ധതിയുടെ കുഴലുകൾ പോലും മേഖലയിൽ സ്ഥാപിച്ചിട്ടില്ലെന്നും. മംഗലം കുടിവെള്ള പദ്ധതി ആന്തൂർ കുളമ്പിലേക്ക് ദീർഘിപ്പിച്ച് കുടിവെള്ളക്ഷാമത്തിന് പരിഹാരമുണ്ടാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
കുഴൽ കിണറിൽ നിന്നുള്ള ജലവിതരണം നിലച്ചതോടെ പ്രദേശവാസികൾ ഒരു കിലോമീറ്ററോളം ദൂരെ നിന്ന് വെള്ളം എത്തിച്ചാണ് ഭക്ഷണം പാകം ചെയ്യൽ മുതൽ മറ്റ് വീട്ടാവശ്യങ്ങൾക്കുള്ള വെള്ളം കണ്ടെത്തുന്നത്. പ്രദേശത്തെ കുട്ടികൾ ഉൾപ്പെടെ വീട്ടുകാർ ദൂരെ നിന്ന് വെള്ളം ചുമന്നു കൊണ്ടു വരുന്ന സ്ഥിതിയാണുള്ളത്.
നിലവിലുള്ള കുടിവെള്ള പദ്ധതിയുടെ കുഴൽ കിണർ ആഴം കുറവായതിനാലാണ് വെള്ളം വറ്റിയതെന്നും കൂടുതൽ ആഴത്തിൽ കുഴൽ കിണർ കുഴിച്ച് കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും അതുവരെയുള്ള ജലദൗർലഭ്യം പരിഹരിക്കാൻ പഞ്ചായത്ത് അധികൃതർ അയിലൂർ ഞ്ചായത്തിൽ നടത്തുന്നപോലെ ആന്തൂർ കുളമ്പിലേക്ക് ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
അല്ലെങ്കിൽ തണ്ടലോട് കുടിവെള്ള പദ്ധതി ആന്തൂർകൊളുമ്പ് കുടിവെള്ള പദ്ധതിയിൽ ലയിപ്പിക്കുകയോ ചെയ്യണം. തൊട്ടടുത്ത മേലാർകോട് പഞ്ചായത്തിലെ ജലജീവന്മിഷൻ പോത്തുണ്ടികുടിവെള്ള പദ്ധതി മംഗലംഡാം കുടിവെള്ള പദ്ധതിയുമായി ബന്ധിപ്പിച്ചാലും മതിയെന്ന് പ്രദേശവാസികൾ പറഞ്ഞു.
സാധാരണ കിണറുകൾ നിരവധി എണ്ണം നിർമിച്ചിട്ടും വെള്ളം കിട്ടാത്ത സ്ഥലം കൂടിയാണ് ആന്തൂർ കുളമ്പ്.