ടിപ്പുസുൽത്താൻ റോഡ് നവീകരണം: നിർമാണ അപാകത ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം
1488785
Saturday, December 21, 2024 4:24 AM IST
മണ്ണാർക്കാട്: ടിപ്പുസുൽത്താൻറോഡ് നവീകരണത്തിൽ അപാകത ആരോപിച്ച് നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ പ്രതിഷേധം. ടിപ്പുസുൽത്താൻ റോഡിൽ മുക്കണ്ണത്തുനിന്ന് പുല്ലശ്ശേരി ഗോവിന്ദപുരം മുണ്ടേക്കാരാട് ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് അപകടങ്ങൾ പതിവായിരിക്കുന്നത്.
പുതിയ റോഡിൽ നിന്നും ചെങ്കുത്തായാണ് പലഭാഗത്തും സർവീസ് റോഡുകൾ നിൽക്കുന്നത്. അതിനാൽ സർവീസ് റോഡിലൂടെ വന്ന് ടിപ്പു സുൽത്താൻ റോഡിൽ കയറുന്ന ഭാഗത്ത് ടേബിൾ ടോപ് വേണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. പലയിടത്തും സംരക്ഷണ ഭിത്തി ഇല്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നതാണെന്ന് നാട്ടുകാർ ആരോപിച്ചു.
റോഡ് പണികൾ അവസാനിക്കുന്നതിനുമുമ്പു തന്നെ ബന്ധപ്പെട്ട കരാറുകരുമായും ഉദ്യോഗസ്ഥരുമായും ജന പ്രതിനിധികളും നാട്ടുകാരും നിരന്തരമായി ഈ ആവശ്യം ഉന്നയിച്ചിരുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു. റോഡുപണി ആരംഭിക്കുന്നതിനുമുമ്പ് പല സ്ഥലങ്ങളിലും സന്നദ്ധ പ്രവർത്തകരുടെയും രാഷ്ട്രീയ പാർട്ടികളുടെയും ശ്രമഫലമായി നിർമിച്ച ബസ് കാത്തിരുപ്പുകേന്ദ്രങ്ങൾ ഉണ്ടായിരുന്നു. അവയെല്ലാം റോഡുപണിക്കായി പൊളിച്ചുമാറ്റി.
റോഡുപണി അന്തിമഘട്ടത്തിൽ എത്തിയ സ്ഥിതിക്ക് ഇതെല്ലാം പുനർനിർമിക്കാൻ കരാറുകാർ തയാറായിട്ടില്ല. പല സ്ഥലങ്ങളിലും നടപാതകളോ കൃത്യമായ സ്ലാബുകളോ ഇല്ല. ഇതും പ്രാവർത്തികമാക്കണം. അധികൃതർ നിസംഗത തുടർന്നാൽ നാട്ടുകാരെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ പറഞ്ഞു.