വൈദ്യുതാഘാതത്തിൽനിന്നു രക്ഷയായി അഞ്ചാംക്ലാസുകാരന്റെ ഇടപെടൽ
1488507
Friday, December 20, 2024 5:07 AM IST
മണ്ണാർക്കാട്: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാംക്ലാസ് വിദ്യാർഥി മുഹമ്മദ് സിദാന്റെ സമയോചിത ഇടപെടൽ കൂട്ടുകാരായ രണ്ടുപേരെ വൈദ്യുതാഘാതത്തിൽനിന്ന് രക്ഷപ്പെടുത്തി.
കഴിഞ്ഞ ദിവസം അർധ വാർഷിക പരീക്ഷ എഴുതാനായി വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ സ്കൂൾ ബസ് കാത്തുനിൽക്കുകയായിരുന്നു സിദാനും കൂട്ടുകാരായ അഞ്ചാം ക്ലാസ് വിദ്യാർഥി മുഹമ്മദ് റാജിഹും ഏഴാംതരം വിദ്യാർഥി ഷഹജാസും.
അതിനിടയിലാണ് തൊട്ടടുത്ത വൈദ്യുതി പോസ്റ്റിൽനിന്ന് മുഹമ്മദ് റാജിഹിന് ഷോക്കേറ്റത്.
ഇതുകണ്ടയുടൻ രക്ഷപ്പെടുത്താൻ ശ്രമിച്ച ഏഴാം ക്ലാസുകാരൻ ഷഹജാസിനും നിസാരമായി പൊള്ളലേറ്റു.
തികച്ചും അപ്രതീക്ഷിതമായ സംഭവത്തിൽ സ്വന്തം ജീവന് അപകടവും ഗുരുതരമായ പരിക്കുകള് പറ്റുമെന്നതും കണക്കിലെടുക്കാതെ അവസരോചിതമായാണ് മുഹമ്മദ് സിദാൻ എന്ന പത്തുവയസുകാരൻ അടുത്തുകിടന്ന ഒരു വടി ഉപയോഗിച്ച് കൂട്ടുകാരെ രണ്ടുപേരെയും വൈദ്യുതാഘാതത്തിൽനിന്ന് രക്ഷിച്ചത്.
കോട്ടോപ്പാടം കൊടുവാളിപ്പുറം കല്ലായത്ത് വീട്ടിൽ ഉമ്മർ ഫാറൂഖിന്റെയും ഫാത്തിമത്ത് സുഹ്റയുടെയും മകനാണ് മുഹമ്മദ് സിദാൻ.
കൂട്ടുകാരുടെ ജീവന് തുണയേകുന്നതിൽ അങ്ങേയറ്റം മാതൃകാപരമായ ധീരതയും മനഃസാന്നിധ്യവും പ്രകടിപ്പിച്ച മുഹമ്മദ് സിദാനെ സ്കൂൾ പിടിഎയും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം.പി. സാദിഖ്, ഹെഡ്മാസ്റ്റർ ശ്രീധരൻ പേരേഴി, മാനേജർ കല്ലടി റഷീദ്, സ്കൂൾ പിടിഎ പ്രസിഡന്റ് കെ.ടി. അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി പി. ഗിരീഷ്, സീനിയർ അസിസ്റ്റന്റ് കെ.എസ്. മനോജ്, സീനിയർ അധ്യാപകൻ പി. മനോജ്, കെ.മൊയ്തുട്ടി തുടങ്ങിയവർ സംബന്ധിച്ചു.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സിദാനെ നേരിൽ വിളിച്ച് അഭിനന്ദിച്ചു.