ആവേശമായി പുൽക്കൂടൊരുക്കൽ
1488787
Saturday, December 21, 2024 4:24 AM IST
വടക്കഞ്ചേരി: ക്രിസ്മസിന് ഇനി ദിവസങ്ങൾമാത്രം ബാക്കി നിൽക്കേ വീടുകളിലും ദേവാലയങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം പുൽക്കൂട് ഒരുക്കുന്നതിന്റെ തിരക്കുകളിൽ.
അർധ വാർഷിക പരീക്ഷ കഴിഞ്ഞതോടെ കുട്ടികൾ തന്നെയാണ് വീടുകളിൽ പുൽക്കൂടുണ്ടാക്കുന്നതിന്റെ പ്രധാന ശില്പികൾ. റെഡിമെയ്ഡ് പുൽക്കൂടുകൾ ഉണ്ടെങ്കിലും സ്വയം നിർമിത പുൽക്കൂടുകൾക്കു തന്നെയാണ് ഏറെ ആകർഷണം.
ദേവാലയങ്ങളിൽ യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് പുൽക്കൂട് നിർമാണം അന്തിമഘട്ടത്തിലുള്ളത്.
നിരാലംബരായ അമ്മമാർക്ക് അഭയം നൽകുന്ന മംഗലംപാലത്തെ ദൈവദാൻ സെന്ററിലും അമ്മമാർ പുൽക്കൂട് നിർമാണത്തിന്റെ തിരക്കുകളിലാണ്. പുൽമേടുകളും വയലും നദിയും തടാകവും കിളിക്കൂടുകളും കൃഷിയിടങ്ങളും മലഞ്ചെരിവും പാറകൂട്ടങ്ങളും ഹേറോദോസിന്റെ കൊട്ടാരവുമൊക്കെയായി ദൈവദാനിലെ പുൽക്കൂടിന് ഇക്കുറി സവിശേഷതകൾ ഏറെയുണ്ട്. ഗ്രാമാന്തരീക്ഷവും വീടുകളും മൃഗങ്ങളും പക്ഷിക്കൂടുകളും രാജാക്കൻമാർക്ക് വഴികാട്ടിയായ നഷത്രവും ഏറെ ശ്രദ്ധേയമാണ്.
മദർ സുപ്പീരിയർ സിസ്റ്റർ മേരി, സിസ്റ്റർ ജോസ്ന എന്നിവരുടെ നേതൃത്വത്തിൽ സിസ്റ്റർ അൽഫോൻസ, സിസ്റ്റർ ജോയ്സി, സിസ്റ്റർ ജൂഡി, സിസ്റ്റർ ശാലിനി ദൈവദാനിലെ അന്തേവാസികളായ മഹിമ, ജ്യോതി ,മാധവിയമ്മ, അന്നമ്മ, ഉമ, ബിന്ദു, അനിത, ധനലക്ഷ്മി, വിജയലക്ഷ്മി, മറിയാമ്മ, മേരി തുടങ്ങിയവരുടെ ദിവസങ്ങൾ നീണ്ട അധ്വാനമുണ്ട് ഈ മനോഹരമായ പുൽക്കൂട് നിർമാണത്തിനു പിന്നിൽ.