വർണവൈവിധ്യങ്ങളൊരുക്കി ക്രിസ്മസ് വിപണി
1488505
Friday, December 20, 2024 5:07 AM IST
പാലക്കാട്: വിപണിയിലെ ക്രിസ്മസ് ആഘോഷം മൂർധന്യത്തിൽ. നാടും നഗരവും ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. വിപണികളിലെങ്ങും വർണവൈവിധ്യങ്ങളുടെ പെരുമഴ. ഗ്രാമ-നഗര, ജാതി-മത, വ്യത്യാസമില്ലാതെ ഏവരും ക്രിസ്മസ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.
ഡിസംബർ ആരംഭിച്ചതോടെ തന്നെ ക്രിസ്മസ് നക്ഷത്രവിപണി സജീവമായിരുന്നു. ഇക്കുറിയും നക്ഷത്രശ്രേണികളിൽ വൈവിധ്യങ്ങൾ വേണ്ടുവോളമുണ്ട്. പേപ്പർ, ഗിൽറ്റ് പേപ്പർ, ഫൈബർ നക്ഷത്രങ്ങൾക്കു പുറമേ എൽഇഡി, നിയോണ് നക്ഷത്രങ്ങൾക്കും ആവശ്യക്കാരേറെ. വലിപ്പവും ആഡംബരവും അനുസരിച്ച് വിവിധ വിലകളിൽ ഇവ ലഭ്യമാണ്.
വീടുകളിൽ തനതുരൂപത്തിലുള്ള നാടൻ പുൽക്കൂടുകളൊരുക്കുന്നവർ ഇപ്പോഴും ധാരാളമുണ്ടെങ്കിലും റെഡിമെയ്ഡ് പുൽക്കൂടുകൾക്കും ക്രിസ്മസ് ട്രീകൾക്കും ആവശ്യക്കാരേറെ. മുള, പ്ലാസ്റ്റിക്, ഫൈബർ എന്നിവ കൊണ്ടുള്ള പുൽക്കൂടുകൾ പല വലിപ്പത്തിലും രൂപത്തിലും ലഭ്യമാണ്. ഇവയിൽ വയ്ക്കുന്ന ഉണ്ണിയേശു, മറ്റ് രൂപങ്ങൾ എന്നിവയ്ക്കും ആവശ്യക്കാരുണ്ട്.
ക്രിസ്മസ് ട്രീകളിലും പുൽക്കൂടുകളിലും അണിയിക്കാനുള്ള അലങ്കാരദീപങ്ങളും വിവിധ വർണങ്ങളിലും രൂപത്തിലും ലഭ്യമാണ്. വലിയ ക്രിസ്മസ് ട്രീകൾ സ്ഥാപനങ്ങളിലും മറ്റുമാണ് സ്ഥാപിക്കുന്നത്. ചെറിയ ട്രീകൾക്കാണ് വീടുകളിൽ സ്ഥാനം. വിവിധ വലിപ്പത്തിലുള്ള ക്രിസ്മസ് പാപ്പയും പാപ്പാ ഡ്രസ്സുകളും തൊപ്പിയും ധാരാളമായി വിറ്റുപോകുന്നു. സ്കൂളുകളിലേയും മറ്റും ക്രിസ്മസ് ആഘോഷങ്ങൾ ഇന്നും നാളേയുമായി നടക്കും.
കേക്കുകളുടെ വില്പനയും തകൃതിയാണ്. വിവിധ ബ്രാൻഡ് കേക്കുകളോടൊപ്പം നാടൻ, ഹോം മെയ്ഡ് കേക്കുകൾക്കും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളും സംഘടനകളും കേക്കുമേളകളും സംഘടിപ്പിക്കുന്നുണ്ട്. ഇനിയുള്ള ദിനങ്ങളിൽ വിപണി കൂടുതൽ ഉഷാറാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.