കരിമ്പാറ, കൽച്ചാടി മേഖലയിൽ കൃഷിനാശംവിതച്ച് കാട്ടാനക്കൂട്ടം
1488790
Saturday, December 21, 2024 4:24 AM IST
നെന്മാറ: കരിമ്പാറ, കൽച്ചാടി മേഖലയിൽ കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശം വരുത്തി. കൽച്ചാടി മേഖലയിലെ റബർതോട്ടങ്ങളിൽ ഇറങ്ങിയ കാട്ടാന റബർചിരട്ടകൾ, ഉറ ഒഴിക്കാൻ ഉപയോഗിക്കുന്ന അലൂമിനിയം ഡിഷുകൾ, മരങ്ങളിൽ ചിരട്ട താങ്ങാൻ കെട്ടിനിർത്തിയ കമ്പികൾ തുടങ്ങിയവയ്ക്കു വ്യാപകമായി നാശം വരുത്തുകയും കമുകിൻ തോട്ടങ്ങളിലെ കമുകുതൈകൾ പിഴുതറിഞ്ഞും ചെയ്തു.
തെങ്ങിൻ തോട്ടത്തിനും റബർതോട്ടത്തിന്റെയും സംരക്ഷണവേലികളും ഇരുമ്പുഗേറ്റും തകർത്തു. കഴിഞ്ഞ രണ്ടുദിവസമായി കൽച്ചാടി വടക്കൻചിറ നിരങ്ങൻപാറ ഭാഗങ്ങളിൽ കാട്ടാന കൃഷിയിടങ്ങളിൽ തുടർച്ചയായി ഇറങ്ങുന്നുണ്ട്.
കൽച്ചാടിയിലെ കർഷകരായ എ.ഐ. ജംഷീദ്ഹസൻ, വേണുഗോപാലൻ, അബ്ബാസ് ഒറവൻചിറ, രാധാകൃഷ്ണൻ, പണ്ടിക്കുടി എൽദോസ്, അബ്രഹാം പുതുശ്ശേരി എന്നിവരുടെ കൃഷിയിടങ്ങളിലാണ് നാശം വരുത്തിയിരിക്കുന്നത്. തൊഴിലാളികളാണ് റബർതോട്ടങ്ങളിൽ കാട്ടാനക്കൂട്ടത്തെ കണ്ടത്. ഒച്ച വച്ചതോടെ ചെറിയ കുട്ടി ഉൾപ്പെടെയുള്ള നാലംഗ കാട്ടാനക്കൂട്ടം പ്രദേശത്തെ വൈദ്യുതവേലി തകർത്ത് പുഴയിലേക്കിറങ്ങി സമീപത്തെ വനമേഖലയിലേക്കു കയറിപ്പോയി.