പഞ്ചായത്ത് ഓഫീസിനുമുന്നിൽ പന്തംകൊളുത്തി പ്രതിഷേധിച്ച് കോൺഗ്രസ് മെംബർമാര്‍
1488508
Friday, December 20, 2024 5:07 AM IST
വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പന്തം കത്തിച്ചുള്ള പ്രതിഷേധവുമായി യുഡിഎഫ് മെംബർമാർ.
പഞ്ചായത്തിന്റെ മലയോര വാർഡുകളുൾപ്പെടുന്ന പ്രദേശങ്ങളായ ഒലിംകടവ്, പൊൻകണ്ടം, മണലിപ്പാടം, മാത്തൂർ, ചിറ്റടി, മംഗലംഡാം ഉൾപ്പടെ വാർഡുകളിൽ തെരുവിളക്കുകൾ തെളിയിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പട്ടാപകൽ പന്തംകൊളുത്തി പ്രതിഷേധിച്ചത്.
മലയോര മേഖലയായ ഒലിംകടവ്, പൊൻകണ്ടം എന്നീ വാർഡുകളിൽ വന്യമൃഗശല്യം അതിരൂക്ഷമാണ്. ഇതിനൊപ്പം വെളിച്ചമില്ലാത്ത സ്ഥിതി കൂടിയാകുമ്പോൾ പുറത്തിറങ്ങാൻ കഴിയാഞ്ഞ സ്ഥിതിയാണെന്നു മെംബർമാർ പറഞ്ഞു.
കുട്ടികൾ ഉൾപ്പെടെയുള്ളവർ വൈകുന്നേരമായാൽ ഭീതിയോടെയാണ് വഴിനടക്കുന്നത്.
ചെന്നായ, കുറുക്കൻ, പന്നി തുടങ്ങിയവയും വഴിയിലെല്ലാമുണ്ട്.
ആദിവാസി കോളനിയായ തളികക്കല്ലിലേക്ക് സ്ടീറ്റ്ലൈൻ വലിച്ചിട്ട് ഇതുവരെയായിട്ടും ബൾബ് ഇട്ടിട്ടില്ല. ആനയിറങ്ങുന്ന വഴികളാണ് കോളനിയിലേക്കുള്ളത്.
രോഗികളെയും കൊണ്ട് അടിയന്തരഘട്ടത്തിൽ രാത്രിയിൽ ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനം വാടകയ്ക്ക് വിളിച്ചാൽ ഡ്രൈവർമാർ മടിക്കുകയാണ്.
എത്രയും വേഗം തെരുവുവിളക്കുകൾ സ്ഥാപിച്ച് പ്രശ്നപരിഹാരം ഉണ്ടാകണമെന്നാണ് ആവശ്യം. മെംബർമാരായ ഡിനോയ് കോമ്പാറ, വി. വാസു, ആർ.സുരേഷ്, ദിവ്യ മണികണ്ഠൻ, ബീന ഷാജി, അഡ്വ. ഷാനവാസ്, പി.ജെ. മോളി എന്നീ മെംബർമാരാണ് അവഗണനക്കെതിരേ പ്രതിഷേധിച്ചത്.