കണ്ണന്നൂരിൽ സ്വകാര്യബസ് മറിഞ്ഞ് 16 യാത്രക്കാർക്കു പരിക്കേറ്റു
1487387
Sunday, December 15, 2024 7:49 AM IST
പാലക്കാട്: പാലക്കാട്-തൃശൂർ ദേശീയപാതയിൽ കണ്ണന്നൂരിന് സമീപം സ്വകാര്യബസ് മറിഞ്ഞ് 16 യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് 1.45 ഓടെ പാലക്കാട് നിന്ന് തിരുവില്വാമലയിലേക്ക് പോകുകയായിരുന്ന സ്വകാര്യബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ബസിലുണ്ടായിരുന്ന കുട്ടികളടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസ് ഓട്ടോയിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. ചാറ്റൽമഴയെ തുടർന്നാണ് ബസ് നിയന്ത്രണം വിട്ടത്. ബസിൽ യാത്രക്കാർ കുറവായതിനാൽ വൻദുരന്തം ഒഴിവായതായും നാട്ടുകാർ പറഞ്ഞു. അപകടം നടന്നയുടനെ നാട്ടുകാരും വിവരം അറിഞ്ഞെത്തിയ പോലീസും അഗ്നിശമനസേനയും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.
നേരത്തെയും കണ്ണന്നൂരിൽ ഡിവൈഡറിലിടിച്ച് അപകടങ്ങളുണ്ടായിട്ടുണ്ട്. റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടി എടുത്തിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.