പനയന്പാടത്ത് ഉദ്യോഗസ്ഥർ സംയുക്തപരിശോധന നടത്തി
1487386
Sunday, December 15, 2024 7:49 AM IST
കല്ലടിക്കോട്: പനയന്പാടത്ത് നാല് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടസ്ഥലത്ത് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി.
ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ്, ആർടിഒ സി.യു. മുജീബിന്റെ നേതൃത്വത്തിലുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, പിഡബ്ല്യുഡി ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ. അബ്ദുൾ അസീസിന്റെ നേതൃത്വത്തിലുള്ള പിഡബ്ല്യുഡി ഉദ്യോഗസ്ഥർ എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ഇന്നലെ വൈകുന്നേരം മൂന്നു മണിക്കാണ് പരിശോധന ആരംഭിച്ചത്. അപകടമുണ്ടായ സ്ഥലം മുതൽ ദുബായ്കുന്ന് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും സംഘം വിശദമായ പരിശോധന നടത്തി. അപകടം ഒഴിവാക്കുന്നതിനുള്ള താത്കാലിക പരിഹാരം എന്ന നിലയിൽ താത്ക്കാലിക ഡിവൈഡറുകളും പോലീസിന്റെ നേതൃത്വത്തിൽ പരിശോധനയ്ക്കിടെ സ്ഥാപിച്ചു.
മേഖലയിൽ മുന്നറിയിപ്പ് ബോർഡുകളും റിഫ്ളക്ടറുകളും മറ്റും സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസൽ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി നാളെ സമർപ്പിക്കും. അപകടമേഖലയിലെ റോഡ് ഉപരിതലത്തിലെ മിനുസം ഒഴിവാക്കുന്നതിനുള്ള പ്രവൃത്തിയും നാളെ ആരംഭിക്കും. ഇതോടൊപ്പം അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കി വരികയാണ്.
ആക്ഷൻ പ്ലാൻ പരിശോധിച്ച ശേഷം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്ന് സർക്കാർ തലത്തിലുളള തീരുമാനങ്ങൾ കൂടി നടപ്പാക്കും.