ശ്രീകൃഷ്ണപുരം ഏരിയ സമ്മേളനത്തിൽ പി.കെ. ശശിക്കെതിരേ രൂക്ഷവിമർശനം; സെക്രട്ടറിതെരഞ്ഞെടുപ്പിൽ മത്സരം
1487385
Sunday, December 15, 2024 7:49 AM IST
ശ്രീകൃഷ്ണപുരം: ഏരിയ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനത്തിൽ മുൻ എംഎൽഎ യും കെടിഡിസി ചെയർമാനുമായ പി.കെ. ശശിക്കെതിരേ രൂക്ഷവിമർശനമുയർന്നു.
മുൻ ശ്രീകൃഷ്ണപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ എസ്. മധുവിനെതിരേയും വിമർശനമുയർന്നു. പി.കെ. ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്നും സിഐടിയു പദവികളിൽനിന്നും മാറ്റണമെന്നും ആവശ്യം ഉയർന്നു.
മണ്ണാർക്കാട് യൂണിവേഴ്സൽ കോളജിന്റെ ഓഹരികൾ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളെക്കൊണ്ട് എടുപ്പിച്ചതു പാർട്ടി അറിഞ്ഞുകൊണ്ടാണോ എന്ന ചോദ്യവും ശശിക്കെതിരേ ഉയർന്നു. പി.കെ. ശശിക്ക് അനുകൂല നിലപാട് ഉള്ളവരെ തഴയണമെന്ന നിർദേശം ജില്ലാ കമ്മിറ്റിയിൽനിന്ന് ലഭിച്ചതായും സൂചനയുണ്ട്.
ശക്തമായ മത്സരത്തിനൊടുവിലാണ് കെ. ജയദേവൻ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 20 അംഗ ഏരിയ കമ്മിറ്റിയിൽ 11 അംഗങ്ങൾ കെ. ജയദേവന് അനുകൂലമായി വോട്ട് ചെയ്തു. ഒൻപതുപേർ നിലവിലെ സെക്രട്ടറി പി. അരവിന്ദാക്ഷൻ മാസ്റ്റർക്ക് അനുകൂലമായും വോട്ട് ചെയ്തു. ജില്ലാ കമ്മിറ്റിക്കു പി.കെ. ശശി വിരുദ്ധനായ കെ. ജയദേവൻ ആയിരുന്നു സ്വീകാര്യൻ. നിഷ്പക്ഷ നിലപാടാണ് പി. അരവിന്ദാക്ഷൻ മാസ്റ്റർക്കു വിനയായത്.