ചിറ്റൂർപുഴയിൽ ഒഴുക്കിൽപ്പെട്ട അഞ്ചു പോത്തുകളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
1487381
Sunday, December 15, 2024 7:49 AM IST
ചിറ്റൂർ: അപ്രതീക്ഷിതമായി മൂലത്തറ റഗുലേറേറ്റിൽ ഷട്ടർ ഉയർത്തി പുഴയിൽ വെള്ളിമിറക്കിയതിനാൽ ആലാംകടവിനടുത്ത് പുഴയ്ക്കരികിൽ കെട്ടിയിരുന്ന വളർത്തുപോത്തുകൾ ഒഴുക്കിൽ പ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.
ആലാംകടവ് ഭക്തവത്സലം, സുനിൽകുമാർ, വിളയോടി മനോജ് കുമാർ എന്നിവരുടേതാണ് പോത്തുകൾ. ഒൻപതെണ്ണം പുഴയുടെ മധ്യഭാഗത്ത് അകപ്പെട്ടു. ഉടമകൾ അറിയിച്ചതിനെ തുടർന്ന് ചിറ്റൂരിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി അഞ്ച് പോത്തുകളെ വടംകെട്ടി വലിച്ച് കരയിലെത്തിച്ച് രക്ഷപ്പെടുത്തി .
ഒരെണ്ണം ചാവുകയും മൂന്നെണ്ണത്തെ കാണാതാകുകയും ചെയ്തു. ശക്തമായ ഒഴുക്കിൽ പോത്തുകൾ ഒലിച്ചുപോയിട്ടുണ്ടാകുമെന്നതാണ് നിഗമനം. ആളിയാറിനു താഴ്വാര പ്രദേശങ്ങളിൽ കനത്തമഴ പെയ്തതിനാൽ മണക്കടവ് വിയറിൽ ക്രമാതീതമായി ജലനിരപ്പ് കൂടിയതാണ് മൂലത്തറ റഗുലേറ്റർ ഷട്ടർ തുറക്കാൻ കാരണമായത്.
മൂലത്തറ, പാറക്കളം നിലമ്പതിപ്പാലങ്ങൾ കവിഞ്ഞൊഴുകിയതിനാൽ ഇന്നലെ വൈകുന്നേരം ജലനിരപ്പ് കുറഞ്ഞശേഷമാണ് ഇതുവഴി ഗതാഗതം പുനസ്ഥാപിച്ചത്.
തമിഴ്നാട്ടിൽ മഴതുടർന്നാൽ വീണ്ടും മൂലത്തറ റഗുലേറ്റർ തുറക്കേണ്ടതായിവരുമെന്നതിനാൽ പുഴയോരവാസികൾ അതീവ ജാഗ്രത പാലിക്കാൻ ജലസേചന വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.