വടക്കഞ്ചേരി ചെറുപുഷ്പം ജംഗ്ഷനിലെ കംഫർട്ട് സ്റ്റേഷൻ തുറന്നുപ്രവർത്തിക്കാൻ നടപടി
1487380
Sunday, December 15, 2024 7:49 AM IST
വടക്കഞ്ചേരി: ഒരു പതിറ്റാണ്ടോളമായി ഉപയോഗശൂന്യമായി കിടന്നിരുന്ന വടക്കഞ്ചേരി ചെറുപുഷ്പം ജംഗ്ഷനിലെ കംഫർട്ട് സ്റ്റേഷൻ തുറന്നുപ്രവർത്തിപ്പിക്കാൻ നടപടിയായി. നടത്തിപ്പുകാരനെ കണ്ടെത്താൻ നാളെ രാവിലെ 11ന് പഞ്ചായത്തിൽ പരസ്യമായ ലേലം നടക്കും. കംഫർട്ട് സ്റ്റേഷൻ നടത്തിപ്പ്, ഫീസ് പിരിക്കൽ, ഇതുമായി ബന്ധപ്പെട്ട് മിൽമ ബൂത്തും ലഘു ഭക്ഷണശാല നടത്തിപ്പുമുണ്ടാകും. ഒരു വർഷത്തേക്കാണ് ലേലം ചെയ്ത് നൽകുന്നത്.
ലേല നടപടികൾക്കുശേഷം വൈകാതെ തന്നെ കംഫർട്ട് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് പറഞ്ഞു. ലക്ഷങ്ങളേറെ പാഴാക്കികളഞ്ഞ പിന്നാമ്പുറ ചരിത്രമുണ്ട് കംഫർട്ട് സ്റ്റേഷന്. 2014 ൽ അന്നത്തെ എംഎൽഎയായിരുന്ന എ.കെ. ബാലന്റെ ഫണ്ട് പ്രയോജനപ്പെടുത്തി 30 ലക്ഷം രൂപയ്ക്ക് ഇ - ടോയ്ലറ്റും 15 ലക്ഷം രൂപക്ക് ബസ് കാത്തിരിപ്പു കേന്ദ്രവും നിർമിച്ചത്. പൊതുമരാമത്തു വകുപ്പിലെ ഇലക്ട്രോണിക്സ് വിഭാഗമാണ് ഇ - ടോയ്ലറ്റുകൾ നിർമിച്ചത്. പക്ഷെ ഉദ്ഘാടനത്തിനു ശേഷം ടോയ്ലറ്റുകൾ പ്രവർത്തിച്ചത് ദിവസങ്ങൾ മാത്രം.
സാങ്കേതിക പിഴവുകളിൽ ടോയ്ലറ്റുകളിൽ ആളുകൾ കുടുങ്ങി പലപ്പോഴും ഫയർഫോഴ്സ് എത്തി ഡോർ പൊളിച്ചെല്ലാമായിരുന്നു ഉള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചിരുന്നത്. ഒരു തവണ ടോയ്ലറ്റിൽ കുടുങ്ങിയ വീട്ടമ്മ ബോധരഹിതയായി സംഭവം വലിയ പ്രതിഷേധത്തിനിടയാക്കി.
പിന്നീട് ടോയ്ലറ്റുകൾ വർഷങ്ങളോളം അടച്ചിട്ടു. തുടർന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച നാല് ഇ -ടോയ്ലറ്റുകളും പൊളിച്ചു നീക്കി. സാധാരണ ടോയ്ലറ്റുകൾ നിർമിക്കുകയായിരുന്നു. ഇതിന്റെ പണികളും കഴിഞ്ഞ് ഏറെക്കാലം തുറക്കാനായില്ല. ഒടുവിൽ പ്രതിഷേധങ്ങൾക്കൊടുവിലാണ് കംഫർട്ട് സ്റ്റേഷൻ തുറക്കാൻ നടപടിയായിട്ടുള്ളത്. നൂറുകണക്കിന് യാത്രക്കാർ വന്നു പോകുന്ന ജംഗ്ഷനിൽ മൂത്രശങ്ക തീർക്കാനാകാതെ സ്ത്രീകളാണ് വല്ലാതെ വിഷമിക്കുന്നത്.