ജലസേചനവകുപ്പ് വാച്ച്മാൻ ക്വാർട്ടേഴ്സ് നവീകരിക്കണമെന്ന് ആവശ്യം
1487379
Sunday, December 15, 2024 7:49 AM IST
ചിറ്റൂർ: ചിറ്റൂർപ്പുഴ ജലസേചന പദ്ധതി പ്രദേശങ്ങളിൽ വാസയോഗ്യമല്ലാത്ത ഇറിഗേഷൻ ക്വാർട്ടേഴ്സുകൾ നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കർഷക സമിതികളുടെ ആവശ്യം. പ്രധാനകനാലിന് കീഴിൽവരുന്ന രണ്ടും, മൂന്നും ബ്രാഞ്ചുകനാൽ പ്രദേശങ്ങളിൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ വാച്ച്മാൻ തസ്തികയിലുണ്ടായിരുന്ന ജീവനക്കാരനു താമസിക്കാനാണ് ഇത്തരം ക്വാർട്ടേഴ്സുകൾ ഉപയോഗിച്ചിരുന്നത്.
രാത്രികാലങ്ങളിൽ അനധികൃതമായി വെള്ളം ചോർത്തുന്നതു തടയാനും ജലവിതരണം നിയന്ത്രിച്ചു നടത്തുന്നതുമാണ് വാച്ച് മാൻ തസ്തികയിലുള്ളവർ ചെയ്തുവന്നിരുന്നത്. കനാൽബണ്ടുകൾ തകർന്നാലോ മറ്റു ആവശ്യങ്ങൾ ഉണ്ടായാൽ കർഷകർ ഉടൻ ബന്ധപ്പെട്ടിരുന്നത് വാച്ച്മാൻമാരെയാണ്.
ഈ ക്വാട്ടേഴ്സുകളിൽ വൈദ്യുതി ബന്ധം ലഭിക്കാത്തതിനാൽ വാടക വീടുകളിൽ മാറിതാമസിച്ച വാച്ച്മാൻമാർ പിന്നീട് ക്വാർട്ടേഴ്സുകളിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഇപ്പോൾ ക്വാർട്ടേഴ്സിലെ ഫർണീച്ചർ ഉപകരണങ്ങളെല്ലാം ചിതലരിച്ച് സ്ഥലം കാട് പിടിച്ച് കിടപ്പാണ്. നിലവിൽ പാടശേഖരസമിതി യോഗങ്ങൾ കർഷക വീടുകളിലാണ് നടത്തപ്പെടുന്നത്. ഇത് പലർക്കും അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.
തകർച്ചയിലുള്ള ക്വാർട്ടേഴ്സുകൾ നവീകരിച്ചാൽ പാടശേഖരസമിതി യോഗങ്ങൾ കൂടാനും അത്യാവശ്യം കൃഷിക്കാവശ്യമായ കാർഷികോപകരണങ്ങൾ സൂക്ഷിക്കാനും സൗകര്യമാവുമെന്നാണ് കർഷകർ നവീകരണത്തിലൂടെ പ്രതീക്ഷിക്കുന്നത്.