കരാർ കമ്പനിയുടെ ഡ്രെയിനേജ് നിർമാണം പാതിവഴിയിൽ
1444173
Monday, August 12, 2024 1:42 AM IST
ഫ്രാന്സിസ് തയ്യൂർ
വടക്കഞ്ചേരി: ദേശീയപാതയിൽ പന്നിയങ്കര ടോൾപ്ലാസയ്ക്കു സമീപം ഡ്രെയിനേജ് നിർമാണം പാതിവഴിയിൽ നിർത്തിവച്ചതിനെതുടർന്ന് മഴപെയ്താൽ വീടുകൾ മുങ്ങുന്ന പ്രദേശത്തെ വീട്ടുകാരായ സ്ത്രീകൾ കടുത്ത സമരപരിപാടികൾക്കൊരുങ്ങുന്നു.
ടോൾപ്ലാസയ്ക്കു താഴെ ഇടതുഭാഗത്തു ഹോട്ടൽ നടത്തുന്ന സത്യഭാമ, സമീപത്തെ വീട്ടുകാരായ കുളത്തിങ്കൽ കോമളം, ഇതിനടുത്ത ഭൂവുടമയായ അജിത അശോകൻ തുടങ്ങിയവരാണ് അതിജീവനത്തിനായി സമരത്തിനു തയാറെടുക്കുന്നത്.
മഴയൊന്നു
പെയ്താൽ....
ഒരാഴ്ച മുമ്പുണ്ടായ മഴയിലും ഇവരുടെ വീടുകൾമുങ്ങി. ടോൾപ്ലാസയിലെ ടോയ്ലറ്റ് വെള്ളം ഉൾപ്പെടെ മഴവെള്ളത്തിനൊപ്പം കുത്തിയൊഴുകി വീടുകളിൽ നിറയുന്ന സ്ഥിതിയുണ്ടായെന്നു ഇവിടുത്തെ താമസക്കാരിയായ സൂര്യ, സ്ഥല ഉടമയായ അജിത എന്നിവർ പറഞ്ഞു. വീടുകളിൽ വെള്ളംകയറി അഞ്ചുദിവസം ഇവർ ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു. കടുത്ത ദുർഗന്ധവുമായി പ്രദേശത്തു നിൽക്കാനാകാത്ത സ്ഥിതിയാണ് ഇപ്പോഴും. ഇവിടെയാണ് ഇവർ കഴിയുന്നത്. ഹോട്ടലിനു മുന്നിലൂടെയാണ് മലിനജലം ഒഴുകി പരക്കുന്നത്. വെള്ളം കെട്ടിടത്തിനടിയിലൂടെ ഒഴുകി പുറകിലെ വീട്ടിലേക്കുള്ള വഴിയിൽ നിറയും. ഇതുമൂലം വീട്ടിലേക്കുള്ള വഴി ചെളികുളമാണിപ്പോൾ. പാതയുടെ മറുഭാഗത്തു നിന്നുള്ള വെള്ളവും പാതക്കടിയിലെ ഓവു വഴി ഇവിടെ എത്തുന്നുണ്ട്.
ഈ വെള്ളമെല്ലാം കൂടി വീടുകളും കൃഷിയിടങ്ങളും മുക്കി തൊട്ടടുത്ത ഒരു ചെറിയ കുളത്തിലേക്കാണ് പോകുന്നത്. സ്വകാര്യ കുളമാണിത്. ഈ കുളത്തിനു ഉൾക്കൊള്ളാവുന്നതിനേക്കാൾ മഹാപ്രവാഹമാണ് ഇവിടെ ഉണ്ടാകുന്നതെന്ന് താമസക്കാർ പറയുന്നു.
വഴിപാടുപോലെ
ഡ്രെയിനേജ് നിർമാണം
സ്കൂളുകളിലെ പ്രവൃത്തിപരിചയമേളകളിൽ കുട്ടികൾ പല മോഡലുകൾ ഉണ്ടാക്കി വയ്ക്കുന്നതുപോലെയാണ് വീടുകളോടു ചേർന്നുള്ള ഡ്രെയിനേജ് നിർമാണം നടത്തിയിട്ടുള്ളത്. ടോൾപ്ലാസയുടെ മുകളിൽ നിന്ന് നോക്കിയാൽ ഡ്രെയിനേജ് നിർമാണം മനോഹരമാണന്നെ തോന്നു.
എന്നാൽ താഴെ വീടുകളിലേക്ക് ഇറങ്ങി നോക്കിയാലറിയാം കരാർ കമ്പനിയുടെ വഴിപാടു പണിക്കൂട്ടുകൾ. ഡ്രെയിനേജിന്റെ കുറെഭാഗത്ത് അടിയിലെ കോൺക്രീറ്റിംഗ് മാത്രമെ നടത്തിയിട്ടുള്ളു. വശങ്ങളിലെ ഭിത്തി പണിതിട്ടില്ല.
ഇതിനാൽ വെള്ളം മുഴുവൻ ഇവരുടെ വീടുകളിലേക്ക് പാഞ്ഞെത്തും. 30 മീറ്റർ ദൂരമാണ് ഈ പണി ചെയ്തുവച്ചിട്ടുള്ളത്. തുടർന്ന് ഡ്രെയിനേജ് ഉണ്ടെങ്കിലും അതിന് മൂന്നടിയെങ്കിലും ഉയരമുണ്ട്.
ഇതിലേക്ക് വെള്ളം പമ്പുചെയ്ത് കയറ്റി വിടണം. സ്വയമേവ വെള്ളം ഇതിലേക്കു കയറില്ല. അത്ര ഉയരത്തിലാണ് പണിതു വച്ചിട്ടുള്ളത്.
തുടർന്ന് കുറച്ചുദൂരം പേരിനു പോലുമില്ല ഡ്രെയിനേജ്. 50 മീറ്റർ പിന്നിട്ടാൽ പിന്നെയും 20 മീറ്റർ ഡ്രെയിനേജ് നിർമിച്ചിട്ടുണ്ട്. താഴെയുള്ള ഡ്രെയിനേജിനേക്കാൾ അഞ്ചടി ഉയരത്തിലാണിത്. പ്രദേശത്തെ വീടുകൾ പൂർണമായും മുങ്ങി വെള്ളം പൊങ്ങിയാലെ ഈ ഡ്രെയിനേജിലേക്കു വെള്ളംകയറി ഒഴുകൂ എന്നാണ് അവസ്ഥ.
വീട്ടമ്മമാരും സമരത്തിന്
ദേശീയപാത വികസനത്തിനായി വീടും സ്ഥലവും നഷ്ടപ്പെട്ട വീട്ടുകാരോടാണു കരാർകന്പനിയുടെ ക്രൂരത തുടരുന്നത്.
ടോൾപ്ലാസ കഴിഞ്ഞുവരുന്ന ഡ്രെയിനേജ് താഴ്ത്തി പുനർനിർമിക്കണമെന്നാണ് പ്രദേശത്തെ വീട്ടമ്മാരുടെ ആവശ്യം. വീടുകൾ മുങ്ങുന്നത് ഒഴിവാക്കാനുള്ള നടപടികൾക്ക് നിർദേശം നൽകമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ, പഞ്ചായത്ത് ഉൾപ്പെടെയുള്ളവർക്ക് ഇവർ വീണ്ടും പരാതി നൽകിയിട്ടുണ്ട്.
കളക്ടറുടെ അടിയന്തര ഇടപെടൽ തങ്ങളുടെ പരാതിയിൽ ഉണ്ടാകുമെന്ന വലിയ പ്രതീക്ഷയിലാണ് ഇവിടുത്തെ ആളുകൾ. അതല്ലെങ്കിൽ ജീവിക്കാനായി കടുത്ത സമരങ്ങളിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം.