ഒറ്റപ്പാലം നഗരസഭയുടെ പഴയ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനം
1444172
Monday, August 12, 2024 1:42 AM IST
ഒറ്റപ്പാലം: നഗരസഭാ ബസ്സ്റ്റാൻഡിൽ പഴയ കെട്ടിടം പൊളിച്ചുനീക്കാൻ കൗൺസിൽ തീരുമാനം.
അഞ്ചുപതിറ്റാണ്ടിലേറെ പഴക്കമുള്ള ഇരുനിലക്കെട്ടിടം അപകടാവസ്ഥയിലാണെന്നുളള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കാൻ നഗരസഭാകൗൺസിൽ യോഗം തീരുമാനിച്ചത്.
കെട്ടിടസമുച്ചയം അപകടാവസ്ഥയിലാണെന്നുള്ളതിന്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിലെ വ്യാപാരികൾക്കു നോട്ടീസ് നൽകാനും ധാരണയായി. 30 ദിവസത്തിനുള്ളിൽ ഒഴിയണമെന്നാവശ്യപ്പെട്ടാണ് അടിയന്തരമായി നോട്ടീസ് നൽകുകയെന്നു നഗരസഭാധികൃതർ പറഞ്ഞു.
ഇതിനുശേഷം പൊളിക്കാനുള്ള നടപടികളിലേക്ക് കടക്കാനാണു നഗരസഭയുടെ തീരുമാനം. ഇരുപതോളം സ്ഥാപനങ്ങളാണ് നിലവിൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.
ഈ കെട്ടിടത്തിലെ വ്യാപാരികളെ ബസ്സ്റ്റാൻഡിലെ പുതിയ കെട്ടിടത്തിലേക്കു മാറ്റാനുള്ള നടപടിയും നഗരസഭ ആലോചിക്കുന്നുണ്ട്.
ആവശ്യമായിവന്നാൽ ഇതിനുവേണ്ടി വ്യാപാരികളുമായി ചർച്ചനടത്തുമെന്നും നഗരസഭാധികൃതർ പറഞ്ഞു. ഇതേ നിക്ഷേപത്തിൽ നിലവിലുള്ള വാടകയിൽത്തന്നെ പുതിയകെട്ടിടത്തിലേക്കു മാറ്റാനുള്ള നടപടിയാകും സ്വീകരിക്കുക.
പാലക്കാട്- കുളപ്പുള്ളി പ്രധാനപാതയോരത്തെ കെട്ടിടത്തിനു ബലക്ഷയമുണ്ടെന്നും ഉപയോഗയോഗ്യമല്ലെന്നും തൃശൂർ ഗവ. എൻജിനിയറിംഗ് കോളജിലെ വിദഗ്ധസംഘം റിപ്പോർട്ടു നൽകിയിരുന്നു.