സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പ് വേദിയിൽ പാഴ്വസ്തുക്കളാൽ ചിത്രം നിർമിച്ച് മെൽബിൻ
1444171
Monday, August 12, 2024 1:42 AM IST
വടക്കഞ്ചേരി: മുടപ്പല്ലൂർ പങ്കജ ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന അമച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് വേദിയിൽ കൈയടി നേടി ചിത്രകാരൻ!.
ദ്രോണാചാര്യ അവാർഡ് ജേതാവും ബോക്സിംഗ് ഇന്ത്യൻ കോച്ചുമായ ഡോ.ഡി.ചന്ദ്രലാലിന്റെ ചിത്രം പാഴ്വസ്തുക്കൾ കൊണ്ടുനിർമിച്ച് വള്ളിയോട് സെന്റ്മേരീസ് ഐടിഐയിലെ അധ്യാപകനായ മെൽബിനാണ് തിങ്ങിനിറഞ്ഞ കാണികളുടെ കൈയടി നേടിയത്.
കരിയും ചോക്ക് പൗഡറും ഉപയോഗിച്ചായിരുന്നു ചിത്രം ഒരുക്കിയത്. പൊടിരൂപത്തിലാക്കി അതുബോർഡിലേക്ക് എറിഞ്ഞാണ് ഏതാനും സമയത്തിനുള്ളിൽ ചിത്രം തീർത്തത്.
ഡോ. ചന്ദ്രലാൽ, ബോക്സിംഗ് ലോക ചാമ്പ്യൻ കെ.സി.ലേഖ ഉൾപ്പെടെയുള്ളവർ മെൽബിന്റെ തത്സമയ മികവിനെ അഭിനന്ദിച്ചു. മെൽബിന് തന്റെ ചിത്രക്കൂട്ടുകൾക്കു പെൻസിലും പേപ്പറുമൊന്നും ആവശ്യമില്ല. മണ്ണും ഇലകളും കുറച്ച് വേയ്സ്റ്റ് പ്ലാസ്റ്റിക്കും മതി. കാമറയിൽ പകർത്തിയ ചിത്രംപോലെ മെൽബിൻ ചിത്രങ്ങൾക്കു ജീവൻ നൽകും.
ചലച്ചിത്ര താരം പ്രിഥ്വിരാജിന്റെ ചിത്രം മണ്ണുംഇലകളും ഉപയോഗിച്ചു നിർമിച്ച് മെൽബിൻ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. എട്ടടിയോളം ഉയരവും ആറടിയോളം വീതിയുമുള്ള ചിത്രമാണ് അന്ന് ഒരുക്കിയത്.
മാവ്, പ്ലാവ്, മുള തുടങ്ങിയവയുടെ ഇലകൾ, വ്യത്യസ്ത നിറങ്ങളിലുള്ള മണ്ണ്, പ്ലാസ്റ്റിക് വേസ്റ്റ് തുടങ്ങിയവയെല്ലാം ഒത്തു കിട്ടിയാൽ മെൽബിൻ സുന്ദര ചിത്രങ്ങളുണ്ടാക്കും.
കളർ ഇമേജിനാണു നിറവ്യത്യാസമുള്ള ഇലകൾ ഉപയോഗിക്കുന്നത്. മുടി, താടി, കണ്ണിന്റെ ഭാഗങ്ങൾ എന്നിവയുടെ ഫിനിഷിംഗ് കറുത്ത മണ്ണുകൊണ്ട് ഷെയ്പ്പാക്കും. ഷർട്ട് ഭാഗങ്ങൾ ശരിയാക്കാൻ പ്ലാസ്റ്റിക് വേയ്സ്റ്റാണ് കൂടുതലും ഉപയോഗിക്കുക. വള്ളിയോട് സെന്റ്മേരീസ് ഐടിഐയിൽ ക്ലാസ്മുറിയിലെ തറയിലും മെൽബിൻ ചിത്രകൗതുകം തീർക്കാറുണ്ട്. ഇലകളിൽ ചിത്രം തയാറാക്കുന്നത് ഏറെ ശ്രമകരമാണെന്ന് മെൽബിൻ പറയുന്നു.
ചെറിയൊരു കാറ്റടിച്ചാൽ മതി കനം കുറഞ്ഞ മുളയിലപ്പോലെയുള്ള ഇലകൾക്കെല്ലാം സ്ഥാനചലനം വരും. പിന്നേയും അതെല്ലാം ശരിയാക്കണം.
സ്കൂൾ പഠന കാലത്തും മെൽബിന് ഇത്തരം വ്യത്യസ്തമായ സാധനങ്ങൾ ഉപയോഗിച്ചുള്ള ചിത്രങ്ങളുണ്ടാക്കി നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ചോക്കും കരിയും ചാരവുമാണ് മെൽബി ന്റെ ചിത്രപ്പുരയിലെ പ്രധാന മെറ്റീരിയൽ.