വനാവകാശ നിയമത്തിലെ സാമൂഹിക അവകാശത്തിനു ഊന്നൽ നല്കണം: തമ്പ്
1444167
Monday, August 12, 2024 1:42 AM IST
അഗളി: കേരളത്തിൽ അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കുവാനും അതിന്റെ തോതുകുറയ്ക്കുവാനും വനാവകാശ നിയമത്തിലെ സാമൂഹികാവകാശം ഉപയോഗപ്പെടുത്തി വനവും ആദിവാസി ആവാസവ്യവസ്ഥയും കാത്തുരക്ഷിക്കണമെന്നു ആദിവാസികൂട്ടായ്മയായ തമ്പ് അഭിപ്രായപ്പെട്ടു.
ദേശീയ ആദിവാസി ദിനത്തിന്റെ ഭാഗമായി സാമൂഹികാവകാശ പ്രകാരം കേരളത്തിൽ 40,000 ഹെക്ടർ വനമേഖല 9 ആദിവാസി ഊരുകൾക്കു ലഭ്യമായത് നേരിട്ടുകണ്ട് പഠനവിധേയമാക്കാനാണ് വനാവകാശ കമ്മിറ്റി അംഗങ്ങൾ അടങ്ങുന്ന പ്രക്തന ഗോത്രവിഭാഗത്തിൽപ്പെട്ട 40 ആദിവാസി നേതൃത്വങ്ങൾ ആദിവാസി നേതാവ് രാമു അട്ടപ്പാടിയുടെ നേതൃത്വത്തിൽ അട്ടപ്പാടി വനാന്തർഭാഗത്തുനിന്നും വാഴച്ചാൽ ആദിവാസി മേഖലയിൽ എത്തിയത്.
ദേശീയ ആദിവാസി ദിനത്തിന്റെ ഭാഗമായി വാഴച്ചാൽ ഫോറസ്റ്റ് ഡോർമെൻ്ററി ഹാളിൽ നടന്ന സാമുഹിക വനാവകാശത്തെ സംബന്ധിച്ച പഠന ക്ലാസ് ആദിവാസ് നേതാവ് ഗീത വാഴച്ചാൽ ഉദ്ഘാടനം ചെയ്തു തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. ഡബ്ല്യുഡബ്ല്യുഎഫ് പ്രതിനിധി ടിനു സി. തോമസ് വനാവകാശ നിയമത്തിൽ ക്ലാസെടുത്തു.
ട്രൈബൽ ഡെവലപ്മെന്റ് ഓഫിസർ ഹെറാൾഡ് ജോൺ പ്രതിനിധികളുമായി സംവദിച്ചു. തമ്പ് കൺവീനർ കെ.എ. രാമു, മലക്കപ്പാറ മൂപ്പൻ മോഹനൻ, അനിത, നഞ്ചൻ ആനവായ് എന്നിവർ പ്രസംഗിച്ചു.