റബർതോട്ടങ്ങളിൽ ഇലകൊഴിച്ചിൽരോഗം വ്യാപിക്കുന്നു; കർഷകർ ആശങ്കയിൽ
1444166
Monday, August 12, 2024 1:42 AM IST
നെന്മാറ: റബർ തോട്ടങ്ങളിൽ അകാലിക ഇലകൊഴിച്ചിൽ രോഗം വ്യാപിക്കുന്നു. വിപണിയിൽ റബർവില ഉയർന്നതോടെ ടാപ്പിംഗും ഉത്പാദനവും ആരംഭിച്ച സമയത്താണു വെള്ളിടിപോലെ ഇലകൊഴിച്ചിൽ രോഗം വ്യാപിച്ചത്.
അമിതമായ മഴയും വെള്ളക്കെട്ടും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ് ഇലപൊഴിച്ചിൽ രോഗത്തിനു കാരണമാകുന്നത്. പ്രത്യേക രീതിയിൽ തോട്ടങ്ങളിൽ ആർദ്രത നിലനിൽക്കുന്നതു രോഗവ്യാപനത്തിനു വഴിയൊരുക്കുന്നു.
ഫൈറ്റോഫ് തോറ എന്ന കുമിളാണു രോഗകാരണമെന്നു റബർബോർഡ് അധികൃതർ പറഞ്ഞു. രോഗം വ്യാപിച്ചതോടെ നല്ല വളർച്ചയുള്ള ഇലകൾ ഉൾപ്പെടെ ബഹുഭൂരിപക്ഷം ഇലകളും ദിവസങ്ങൾക്കകം ഞെട്ടോടെ കൊഴിഞ്ഞുവീഴുന്നു.
ഇതോടെ റബർ മരങ്ങളിലെ പാലുൽപാദനം മൂന്നിലൊന്നായി ചുരുങ്ങി. കൊഴിഞ്ഞ ഇലകൾക്കുപകരം പുതിയ തളിരുകൾവന്ന് ഇലകൾ മൂപ്പെത്തിയാൽ മാത്രമേ ഇനി ഉത്പാദനം വർധിക്കുകയുള്ളു.
ഒന്നര മാസത്തിലേറെ ഇതുമൂലം ഉത്പാദന നഷ്ടമുണ്ടാകും. ഒരുതോട്ടത്തിൽ രോഗം എത്തിയാൽ ആഴ്ചകൾക്കുള്ളിൽ മേഖലയിലെ എല്ലാ തോട്ടങ്ങളിലേക്കും കുമിൾ രോഗം വ്യാപിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കോപ്പർ ഓക്സി ക്ലോറൈഡ് എന്ന കുമിൾനാശിനി കാലവർഷാരംഭത്തിനുമുമ്പായി ഇലകളിൽ വീഴത്തക്കവിധം പ്രത്യേകതരം ശക്തിയേറിയ സ്പ്രേയർ ഉപയോഗിച്ചു പൊടി രൂപത്തിലൊ പ്രത്യേക എണ്ണയിൽ കലർത്തിയോ തളിക്കുന്നതാണു പ്രതിവിധിയെന്ന് റബർബോർഡ് അധികൃതർ പറയുന്നു.
കുമിൾ രോഗമായതിനാൽ രോഗം വന്നതിനു ശേഷം പ്രത്യേക നിയന്ത്രണ മാർഗമില്ലെന്നും കാലാവസ്ഥമാറ്റം വരുമ്പോൾ രോഗവ്യാപനം കുറയുമെന്നും റബർബോർഡ് ഫീൽഡ് ഓഫീസമാർ അറിയിച്ചു.
വർഷങ്ങൾമുമ്പ് ബോർഡ് സബ്സിഡി നിരക്കിൽ കുമിൾനാശിനിയും സ്പ്രേ ഓയിലും വിതരണം ചെയ്തതു നിർത്തിയതോടെ ബഹുഭൂരിപക്ഷം കർഷകരും മഴയ്ക്കുമുമ്പ് മരുന്നു തളിക്കുന്ന രീതി ഉപേക്ഷിച്ചു.
കഴിഞ്ഞവർഷം മഴ കുറവായതിനാൽ എവിടെയും രോഗം റിപ്പോർട്ടും ചെയ്തിരുന്നുമില്ല. അയതിനാൽ ഈ വർഷം ബഹുഭൂരിപക്ഷം കർഷകരും മുൻകൂട്ടി മരുന്നുതളിക്കാനും തയാറായില്ല.
തോട്ടങ്ങളിൽ സ്വാഭാവിക ഇലപൊഴിച്ചിൽ ഡിസംബർ ജനുവരി മാസങ്ങളിലാണുണ്ടാവാറുള്ളത്. ഈ സമയത്ത് തണുപ്പു കൂടുതലുള്ളതിനാൽ സ്വാഭാവിക ഇലകൊഴിച്ചിൽ റബർഉത്പാദനത്തെ കാര്യമായി ബാധിക്കാറില്ല. റബറിനു റിക്കാർഡ് വിലയുണ്ടായിട്ടും നേട്ടമുണ്ടാക്കാൻ കഴിയാതെ വലയുകയാണ് കർഷകർ.