ദുരിതാശ്വാസമായി കിട്ടിയത് അഞ്ചു കുടം വെള്ളംമാത്രം
1443943
Sunday, August 11, 2024 5:57 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: നൂറ്റിയന്പതിലേറെ വീടുകൾ വെള്ളത്തിൽമുങ്ങിയ വടക്കഞ്ചേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡായ ആര്യൻകടവിൽ ദുരിതാശ്വാസമായി ലഭിച്ചത് അഞ്ചുകുടം വെള്ളംമാത്രമാണെന്നു നാട്ടുകാർ.
പ്രദേശത്തെ മുഴുവൻ വീട്ടുകാർക്കും ആയിരംരൂപയുടെ കിറ്റ് വിതരണം ചെയ്യുമെന്നാണു ദുരിതാശ്വാസ ക്യാമ്പിൽനിന്നും പറഞ്ഞുവിടുമ്പോൾ ഉറപ്പുനൽകിയത്. എന്നാൽ വീട്ടിലെത്തിയപ്പോൾ 550 രൂപയുടെ കിറ്റുകളാണു നൽകിയത്.
എന്നാൽ അതുപോലും മുഴുവൻ വീട്ടുകാർക്കും കിട്ടിയിട്ടില്ലെന്നു വീട് പൂർണമായുംമുങ്ങി എല്ലാംനശിച്ച പുഴയുടെ ഏറ്റവുമടുത്തു വീടുള്ള ഉഷ ശ്രീനിവാസൻ പറഞ്ഞു. വീടുകൾ വൃത്തിയാക്കാൻപോലും ആരും എത്തിയില്ല. തങ്ങളുടെ ദുരിതം കാണാൻപോലും ആരും വരുന്നില്ലെന്നും ഇവിടുത്തുക്കാർക്കു പരാതിയുണ്ട്. വീടുകളെല്ലാം വെള്ളംമുങ്ങികിടന്നതിനാൽ വാതിലുകൾ കേടുവന്ന് അടയ്ക്കാനാകുന്നില്ലെന്നു സമീപവീട്ടുകാരിയായ ദീപ പറഞ്ഞു.
രാത്രിയിൽ വാതിലടയ്ക്കാനാകാതെ ചാക്കുംമറ്റും തിരുകിവച്ചാണ് മകളുമൊത്തു വീട്ടിൽ കഴിയുന്നത്. പ്രദേശത്തെ ഭൂരിഭാഗം വീടുകളുടെയും സ്ഥിതി ഇതുതന്നെയാണ്.
വീടുപൂട്ടി പണിക്കു പോകാനും ഇവർക്കു കഴിയുന്നില്ല. വാതിലുകളെല്ലാം മാറ്റി പുതിയവ സ്ഥാപിക്കണം. വെള്ളത്തിനൊപ്പം ഒഴുകിയെത്തിയ പാമ്പുകളും പ്രദേശത്തു നിറഞ്ഞിട്ടുണ്ടെന്നു സരോജിനി രാമൻ, ബദറുന്നീസ എന്നിവർ പറഞ്ഞു. മുറിക്കുള്ളിലെല്ലാം വിഷപ്പാമ്പുകളാണ്. മലിനജലത്തിൽമുങ്ങി കിണർവെള്ളം ഉപയോഗിക്കാനാകുന്നില്ല. ബോർവെല്ലിലെ വെള്ളവും ഉപയോഗിക്കരുതെന്നാണു അധികൃതരുടെ നിർദേശം. കുടിവെള്ളംപോലും പണംകൊടുത്തു വാങ്ങേണ്ട ദുരവസ്ഥയാണ് പ്രദേശത്തുകാർക്കുള്ളത്.
2018, 2019 വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തേക്കാൾകൂടുതൽ വെള്ളമാണു ഈ വർഷം പാഞ്ഞെത്തിയത്. പ്രളയവർഷങ്ങളിലും വീടുകൾ മുങ്ങിയെങ്കിലും ഇത്രയും ഉയർന്ന ജലനിരപ്പിൽ മുങ്ങിയിരുന്നില്ലെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇവിടെ പലഭാഗത്തും 15 അടിയോളം വെള്ളംപൊങ്ങി. അർധരാത്രിയോടെ പെട്ടെന്നാണു വെള്ളം പൊങ്ങിയത്. ഇതിനാൽ ഉടുതുണിയുമായി ആളുകൾ ചുറ്റുംമുങ്ങിയ വെള്ളത്തിലൂടെ നീന്തിരക്ഷപ്പെടുകയായിരുന്നു.
വീട്ടുസാധനങ്ങളൊന്നും മാറ്റാൻ കഴിഞ്ഞില്ല. വൈദ്യുതോപകരണങ്ങളെല്ലാം വെള്ളംകയറി നശിച്ചു. വയറിംഗ് സംവിധാനവും താറുമാറായി. വീടിനകത്തു സൂക്ഷിച്ചിരുന്നതും പുറത്തുവച്ചിരുന്നതുമായ സാധനങ്ങളുമെല്ലാം ഒഴുകിപ്പോയി.
കുട്ടികൾ, ഗർഭിണികൾ ഉൾപ്പെടെയുള്ളവർക്കു പനി പടരുന്നുണ്ട്. ആരോഗ്യവകുപ്പും തിരിഞ്ഞു നോക്കുന്നില്ലെന്നു ഇവർ പറയുന്നു. മംഗലംഡാമിൽനിന്നുള്ള പുഴയും കരിപ്പാലിയിൽനിന്നുള്ള പുഴയും സംഗമിക്കുന്ന പ്രദേശമാണു വീടുകൾ പൂർണമായുംമുങ്ങിയ ആര്യൻകടവ് പ്രദേശം. വടക്കഞ്ചേരി പഞ്ചായത്തിലെ മാലിന്യം മുഴുവൻ നിക്ഷേപിക്കുന്ന യാർഡും ഇവിടെയാണ്.