ഭക്തിസാന്ദ്രമായി അനുസ്മരണപദയാത്ര
1443942
Sunday, August 11, 2024 5:57 AM IST
പാലക്കാട്: പാലക്കാട് രൂപതയുടെ പ്രഥമ മെത്രാൻ മാർ ജോസഫ് ഇരിന്പന്റെ ഇരുപത്തിയേഴാം ചരമ വാർഷികത്തോടനുബന്ധിച്ചു പദയാത്ര നടത്തി.
പ്രളയദുരന്തത്തിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ജനങ്ങളോടൊപ്പം എന്ന മുദ്രാവാക്യമുയർത്തി അനുസ്മരണയോഗവും പാലക്കാട് കത്തീഡ്രൽ പള്ളിയിൽ നടന്നു. പാലക്കാട് സാൻജോ ടവറിൽനിന്നാരംഭിച്ച പദയാത്ര രൂപത ചാൻസലർ ഫാ. ഗിൽബർട്ട് എട്ടൊന്നിൽ ഫ്ളാഗ്ഓഫ് ചെയ്തു.
തുടർന്നു മാർ ജോസഫ് ഇരിന്പന്റെ ഭൗതികശരീരം അടക്കംചെയ്ത കത്തീഡ്രൽ പള്ളിയിൽ രൂപത ജുഡീഷൽ വികാരി ഫാ. ജോസ് പൊൻമാണി അനുസ്മരണപ്രഭാഷണം നടത്തി. മാർ ഇരിന്പൻ കാലഘട്ടത്തിന്റെ ജീവിക്കുന്ന വിശുദ്ധനായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
തുടർന്നു രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധപദവിയിലേക്കുള്ള നാമകരണനടപടികൾ ആരംഭിച്ച മാർ ജോസഫ് ഇരിന്പൻ പിതാവിനെ അനുസ്മരിച്ചു ദിവ്യബലി അർപ്പിച്ചു. നമുക്കുള്ള സ്വർഗീയ മധ്യസ്ഥനാണ് ഇരിന്പൻ പിതാവെന്നു ബിഷപ് അനുസ്മരിച്ചു.
വികാരി ജനറാൾ മോണ്‍. ജീജോ ചാലയ്ക്കൽ, കത്തീഡ്രൽ വികാരി ഫാ. ജോഷി പുലിക്കോട്ടിൽ, മാതൃവേദി ഡയറക്ടർ ഫാ. ബിജു കല്ലിങ്കൽ, ഫാ. ജോസ് കണ്ണന്പുഴ എന്നിവർ സഹകർമികരായി. വിശുദ്ധബലിക്കുശേഷം കബറിടത്തിൽ ഒപ്പീസും ചൊല്ലി. ആയിരങ്ങൾ അണിചേർന്ന പദയാത്രയിലും വിശുദ്ധബലിയിലും നിരവധി വൈദികരും സിസ്റ്റേഴ്സും പങ്കുചേർന്നു.
പാലക്കാട് രൂപതയിലെ വിവിധ സംഘടനകളുടെ ഡയറക്ടർമാരായ ഫാ. ജിതിൻ വേലിക്കകത്ത്, ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഫാ. ബിജു കല്ലിങ്കൽ, ഫാ. ജിതിൻ ചെറുവത്തൂർ, ഫാ. ജോബിൻ മേലേമുറിയിൽ, ഫാ. അഖിൽ കണ്ണന്പുഴ, രൂപത പിആർഒ ഫാ. ജോബി കാച്ചപ്പിള്ളി എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.