എഐവൈഎഫ് വനിതാ നേതാവിന്റെ മരണം : കുത്തിയിരിപ്പുസമരവുമായി ഭർത്താവും ബന്ധുക്കളും
1443940
Sunday, August 11, 2024 5:53 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട്ടെ എഐവൈഎഫ് വനിതാ നേതാവ് തൂങ്ങിമരിക്കാനുണ്ടായ സംഭവത്തിൽ കാരണക്കാരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് വനിതാ നേതാവിന്റെ ഭർത്താവും മക്കളും ബന്ധുക്കളും കുത്തിയിരിപ്പുസമരം നടത്തി. മണ്ണാർക്കാട് പോലീസ് സ്റ്റേഷനു മുന്പിൽ ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. മരിച്ച ഷാഹിനയുടെ ഭർത്താവ് സാദിഖും രണ്ടുകുട്ടികളും ബന്ധുക്കളുമാണ് സമരം നടത്തിയത്.
മണ്ണാർക്കാട് പ്രമുഖ സിപിഐ നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണു പോലീസ് സ്വീകരിക്കുന്നത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും സാദിഖ് പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ പത്തിനാണു എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയും പയ്യനടം സ്വദേശിയുമായ ഷാഹിനയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നു ആരോപിച്ച് ഭർത്താവ് പോലീസിൽ പരാതിനൽകിയിരുന്നു. തുടർനടപടികളുണ്ടാകാത്തതിനെത്തുടർന്നാണു സമരപരിപാടികളുമായി മുന്നോട്ടുപോകുന്നതെന്നും ഭർത്താവ് പറഞ്ഞു.