പാര്‍വതിയമ്മാളിന്റെ കൊലപാതകം: അഞ്ചുവർഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല
1443938
Sunday, August 11, 2024 5:53 AM IST
ജോജി തോമസ്
നെന്മാറ: ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചുവർഷം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനായില്ല. ലോക്കൽ പോലീസ്, ക്രൈംബ്രാഞ്ച്, സിബിഐ എന്നിവർ അന്വേഷിച്ചിട്ടും പ്രതികളെ പിടികൂടിയില്ല.
സിബിഐ അന്വേഷണം തുടങ്ങിയിട്ടും ഒന്നരവർഷം കഴിഞ്ഞു. നെന്മാറ അളുവശ്ശേരി നിലംപതി വീട്ടീല് പാര്‍വതിയമ്മാള്‍ (75) കഴുത്തിനു മുറിവേറ്റ് വീട്ടിനകത്തു കൊല്ലപ്പെട്ട സംഭവത്തിലാണ് അന്വേഷണം വഴിമുട്ടിയതിനെ തുടർന്നാണ് സിബിഐക്ക് ക്രൈംബ്രാഞ്ച് കേസ് കൈമാറിയത്.
2018 നവംബര്‍ മൂന്നിനാണ് നിലംപതിയില്‍ വീട്ടിനുള്ളില്‍ പാര്വതിയമ്മാളെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പെണ്മക്കള് മാത്രമുള്ള പാര്‍വതിയമ്മാള്‍ ഭര്‍ത്താവു മരിച്ചതിനുശേഷം 2015 മുതല്‍ ഒറ്റയ്ക്കാണു താമസിച്ചുവരുന്നത്.
വീട്ടുപറമ്പിലെ തേങ്ങയിടാനേല്പ്പിച്ചയാള് എത്തിയപ്പോഴാണ് പാര്‍വതിയമ്മാള്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നെന്മാറ പോലീസ് നടത്തിയ പരിശോധനയില്‍ ഇവര്‍ ധരിച്ചിരുന്ന മൂക്കുത്തിയും, കമ്മലും, മോതിരവും നഷ്ടപ്പെട്ടതായി കണ്ടെത്തുകയും തൊട്ടടുത്ത മുറിയില്‍ വെള്ളമുള്ള പാത്രത്തില്‍ രക്തക്കറ പുരണ്ട കത്തിയും കണ്ടെടുത്തു.
മോഷണശ്രമത്തിനിടെ നടന്ന കൊലപാതമാകാമെന്ന രീതിയില്‍ നെന്മാറ പോലീസ് രണ്ടരവര്‍ഷം അന്വേഷണം നടത്തിയെങ്കിലും പ്രതികളിലേക്കെത്തിയില്ല.
ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധനും, പോലീസ് സര്‍ജനും, സയന്റിഫിക് വിദഗ്ധനും സ്ഥലത്തെത്തി പരിശോധിക്കുകയും നൂറിലധികം പേരെ ചോദ്യം ചെയ്യുകയും സംശയാസ്പദമായി കണ്ടെത്തിയവരെ നുണപരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തുവെങ്കിലും പ്രതിയിലേക്കെത്തിയില്ല.
ഇതേതുടര്‍ന്നാണ് 2021 ജൂണില്‍ ജില്ലാ ക്രൈംബ്രാഞ്ചിനു അന്വേഷണം കൈമാറിയത്. ക്രൈംബ്രാഞ്ചും വീടും പരിസരവും പരിശോധിക്കുകയും ബന്ധുക്കളില്‍ നിന്നും മറ്റും വിവരങ്ങള്‍ ശേഖരിച്ചുവെങ്കിലും പ്രതിയെ മാത്രം കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് കേസന്വേഷണം സിബിഐയെ ഏൽപ്പിച്ചത്.
സിബിഐ കേസ് അന്വേഷണം ആരംഭിച്ച് ഒന്നരവർഷമായിട്ടും പ്രതികളെ പിടികൂടിയില്ലെന്നും അന്വേഷണം എങ്ങുമെത്തിയില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.