സിപിഎം പ്രാദേശിക നേതാവിനെ പോലീസ് മർദിച്ചെന്നു പരാതി
1443936
Sunday, August 11, 2024 5:53 AM IST
പാലക്കാട്: മങ്കരയില്‍ സിപിഎം പ്രാദേശിക നേതാവിനെ പോലീസ് ഉദ്യോഗസ്ഥന് മര്‍ദിച്ചെന്ന പരാതിയില്‍ കേസ്. മങ്കര സ്റ്റേഷനിലെ സിപിഒ അജീഷിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. മങ്കര സ്വദേശിയായ മുന്‍ ബ്രാഞ്ച് സെക്രട്ടറി ഹംസയ്ക്കാണു മർദനമേറ്റത്.
രജിസ്റ്റര്‍ ചെയ്തതു നിസാര വകുപ്പാണന്നും എഫ്ഐആറില്‍ കൈകൊണ്ടുതല്ലി എന്നുമാത്രമാണുള്ളതെന്നും പോലീസുകാര്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചതായും പരാതിക്കാരനായ ഹംസ ആരോപിച്ചു. പഞ്ചായത്തംഗത്തിനൊപ്പം നില്‍ക്കുകയായിരുന്ന തന്നെ കാറില്‍ നിന്നിറങ്ങിയ പോലീസുകാരന് പ്രകോപനം കൂടാതെ ആക്രമിച്ചുവെന്നാണു ഹംസ പരാതി നല്‍കിയത്.
മറ്റൊരാളുമായുള്ള സാമ്പത്തിക ഇടപാടിനെ ചൊല്ലിയായിരുന്നു മര്ദനമെന്നാണ സൂചന. പോലീസുകാരന് മദ്യപിച്ചിരുന്നതായും ഹംസ പറയുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ഹംസ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.