ചിറ്റൂർ-തത്തമംഗലം നഗരസഭ വികസനത്തിനായി മാസ്റ്റർപ്ലാൻ
1443933
Sunday, August 11, 2024 5:53 AM IST
ചിറ്റൂർ: ജനാഭിപ്രായങ്ങൾ മാനിച്ച് പൊതുജന പരാതികൾക്ക് പരിഹാര നടപടികളുമായി ചിറ്റൂർ -തത്തമംഗലം നഗരസഭ കരട് മാസ്റ്റർപ്ലാൻ പുറത്തിറക്കി. മാസ്റ്റർ പ്ലാനിൽ പൊതുജനത്തിന് പരാതികളുണ്ടെങ്കിൽ സെപ്റ്റംബർ 22 നകം നഗരസഭയിൽ അറിയിക്കാനും അവസരം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു നഗരസഭയിൽ സ്വതന്ത്രമായി മാസ്റ്റർപ്ലാൻ തയ്യാറാക്കിയിരിക്കുന്നതെന്ന്് നഗരസഭാ ചെയർപേഴ്സൺ കെ.എൽ. കവിത, വൈസ് ചെയർമാൻ എം.ശിവകുമാർ എന്നിവർ അവകാശപ്പെട്ടു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രഫ. ഡോ. ജയരാജ് സുന്ദശ്വേരൻ, മുംബൈ ഐഐടി അധ്യാപിക ഡോ. മാലിനി കൃഷ്ണൻ കുട്ടി എന്നിവരാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയത്.
ടൗൺ പ്ലാനർമാരായ അനുപമ ശിവറാം, ശിലപ് സോജൻ എന്നിവരും ഈ ടീമിൽ അംഗങ്ങളായി. അണിക്കോട് മുതൽ കച്ചേരിമേട് വരേയും തത്തമംഗലം ടാക്സിസ്റ്റാൻഡ് മുതൽ പള്ളിമൊക്കുവരേയും റോഡ് വികസനത്തിൽ വ്യാപാരികൾ സൂചിപ്പിച്ച അസൗകര്യങ്ങൾക്കും പുതിയ പ്ലാനിൽ പരിഹാരം നിർദേശിച്ചിട്ടുണ്ട്. പ്രളയം, അതിവർഷം എന്നിവയുണ്ടാവുമ്പോൾ നഗരസഭാ പ്രദേശങ്ങളിൽ വെള്ളക്കെട്ടും അനുബന്ധ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനും പരിഹാര നടപടികൾ വിഭാവനം ചെയ്യുന്നുണ്ട്.
മാസ്റ്റർപ്ലാനിന്റെ നടപടികൾ ജനങ്ങൾക്ക് നൽകാനായി 42 ഭാഗങ്ങളുള്ള കൈപ്പുസ്തകം ചെയർപേഴ്സൻ പ്രകാശനം ചെയ്തു. 800 ഓളം കൈപ്പുസ്തകങ്ങൾ വീടുകളിലെത്തിക്കാനുംനടപടിക്രമങ്ങൾ ഒരുക്കിയിട്ടുമുണ്ട്. നഗരാതിർത്തിക്കുള്ളിലെ വൃക്ഷാവരണം വികസിപ്പിക്കാൻ പ്രാദേശിക മരങ്ങൾ നട്ടുപിടിപ്പിക്കാൻ സംരക്ഷണ നടപടികളും ഉണ്ടാകും.
മരംമുറിക്കൽ നിരുത്സാഹപ്പെടുത്തും. ബസ് സ്റ്റാൻഡ്, സ്റ്റോപ്പുകൾ, പൊതുവാണിജ്യ ഓഫീസ് സ്ഥലങ്ങൾ, ഷെൽട്ടറുകൾ എന്നിവ പണിയും. നഗരത്തിന്റെ മുൻകാല പ്രൗഢി വിളിച്ചോതുന്ന കെട്ടിടങ്ങൾ അതേ രീതിയിൽ നവീകരിച്ച് ബലപ്പെടുത്തും. പ്രകൃതിദത്ത നീരൊഴുക്കുകൾ സംരക്ഷിച്ച് പരിപാലിക്കും.
ജലവിതരണ ശൃംഖലയിൽ മർദ്ദക്കുറവ് പരിഹരിച്ച് വാട്ടർ എടിഎമ്മുകൾ നടപ്പിലാക്കും. നെല്ല്, തെങ്ങ് കാർഷികവിളകളിൽ നിന്നും മൂല്യവർധിത ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെ വിപുലമായ വികസന പ്രവർത്തനങ്ങളും കരട് മാസ്റ്റർപ്ലാനിൽ വിഭാവനം ചെയ്തിട്ടുണ്ട്.