വാടാനാംകുറുശി മേൽപ്പാലം ഗർഡറുകൾ സ്ഥാപിക്കുന്ന പണി തുടങ്ങി
1443931
Sunday, August 11, 2024 5:53 AM IST
ഷൊർണൂർ: വാടാനാംകുറുശി മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി റെയിൽവേ ലൈനിനു മുകളിലെ ഗർഡറുകൾ സ്ഥാപിക്കുന്ന പണി തുടങ്ങി. പാളത്തിനു മുകളിൽ വരുന്ന ഭാഗത്തെ നിർമാണമാണ് തുടങ്ങിയത്. റെയിൽപ്പാളത്തിനിരുവശത്തും വലിയ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചാണ് റെയിൽവേ പണി നടത്തുന്നത്.
ഈ ഭാഗത്തെ നിർമാണം പൂർത്തിയാക്കിയാലേ അനുബന്ധപ്രവൃത്തികൾ നടപ്പാക്കാനാവൂ. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനാണ് മറ്റുഭാഗത്തെ നിർമാണപ്രവൃത്തികൾ നടത്തുന്നത്. 2021 ജനുവരിയിലാണ് വാടാനാംകുറുശി മേൽപ്പാലത്തിന്റെ നിർമാണോദ്ഘാടനം നടന്നത്.
ഒരുവർഷത്തിനകം മേല്പാലം നിർമാണം പൂർത്തീകരിച്ച് യാത്രക്കാർക്കായി തുറന്നുകൊടുക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാൽ, മൂന്നു വർഷം കഴിഞ്ഞിട്ടും പാലം നിർമാണം പൂർത്തിയായിട്ടില്ല. കോവിഡ് പ്രതിസന്ധിയടക്കം തടസമാവുകയായിരുന്നു. പിന്നീട് റെയിൽവേയുടെ അനുമതി ലഭിക്കുന്നതിലുള്ള താമസവും പ്രശ്നമായി. അപ്രോച്ച് റോഡ്, മറ്റിടങ്ങളിൽ ഗർഡറുകൾ സ്ഥാപിക്കൽ തുടങ്ങിയവ ഇനിയും പൂർത്തിയാക്കാനുണ്ട്.