വള്ളിച്ചെടികൾ ചുറ്റിക്കയറി; നീർപ്പാലത്തിനു ബലക്ഷയം
1443920
Sunday, August 11, 2024 5:38 AM IST
കല്ലടിക്കോട്: കാഞ്ഞിരപ്പുഴ ഇടതു പ്രധാന കനാലിന്റെ കീരിപ്പാറ ഭാഗത്തുള്ള നീർപ്പാലം ബലക്ഷയം മൂലം തകർന്നു വീഴാറായി. കടമ്പഴിപ്പുറം, കോങ്ങാട്, മുണ്ടൂർ പഞ്ചായത്തുകളെ വേർതിരിക്കുന്ന കീരിപ്പാറ നീർപ്പാലത്തിന്റെ 3 പില്ലറുകളാണ് ബലക്ഷയം മൂലം പൊട്ടിവീഴുന്ന അവസ്ഥയിലായത്.
ആൽമരങ്ങളും മറ്റ് ചെടികളും തൂണുകളിൽ പടർന്നു കയറിയിട്ടുമുണ്ട്. കാലപ്പഴക്കം മൂലം തൂണുകളിലെ കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് തുരുമ്പിച്ച കമ്പികൾ പുറത്തുകാണാനും തുടങ്ങിയിട്ടുണ്ട്.
കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ച് പോയതോടെ പാലത്തിന്റെ അടിത്തറയും പുറത്തുകാണാം. താഴെ പുഴയും മുകളിൽ കനാലും അതിനു മുകളിൽ റോഡുമാണുള്ളത്. റോഡും പൊട്ടിപ്പൊളിഞ്ഞ് തകർന്നിരിക്കുകയാണ്. ഭാരവാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുമ്പോൾ പാലം കുലുങ്ങുന്നതും പതിവാണ്. ബലക്ഷയം വന്ന നീർപ്പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.