സഹകരണവകുപ്പ് ഓഫീസുകളിലും ഉപഭോക്തൃസംഭരണശാലയിലും പരിശോധന
1443915
Sunday, August 11, 2024 5:38 AM IST
കോയമ്പത്തൂർ: കോയമ്പത്തൂരിലെ സഹകരണ വകുപ്പ് ഓഫീസുകളിലും ഉപഭോക്തൃ സംഭരണശാലയിലും തമിഴ്നാട് സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. രാധാകൃഷ്ണൻ പരിശോധന നടത്തി. ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ശേഖരിച്ചു.
തമിഴ്നാട് സർക്കാരിന്റെ സഹകരണ വകുപ്പ് രാജ്യപുരോഗതിക്ക് നിർണായകമാണെന്നും സഹകരണ വകുപ്പ് മുഖേന ജനങ്ങൾക്ക് വിവിധ വായ്പകൾ നൽകുന്നുണ്ടെന്നും ഈ വർഷം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉത്തരവിട്ടതായും ഡോ. രാധാകൃഷ്ണൻ പറഞ്ഞു. കാർഷിക വായ്പകൾ, വിള വായ്പകൾ, സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്പകൾ, ചെറുകിട വ്യവസായ വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ എന്നിവയുൾപ്പെടെ വിതരണം ചെയ്യുന്ന വായ്പകളെകുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഇതുവരെ 24,000 കോടി രൂപയാണ് ഈ പദ്ധതികളിലൂടെ വിതരണം ചെയ്തത്. സഹകരണ വകുപ്പിനു കീഴിലുള്ള റേഷൻ കടകൾ വഴിയുള്ള സാധനങ്ങളുടെ വിതരണം കാര്യക്ഷമമാക്കുന്നതും ഡോ.രാധാകൃഷ്ണൻ എടുത്തുപറഞ്ഞു.
അരി, പഞ്ചസാര, പയർവർഗങ്ങൾ എന്നിവ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി. തമിഴ്നാട്ടിലുടനീളം 3.1 ലക്ഷം പേർ പുതിയ റേഷൻ കാർഡിന് അപേക്ഷിച്ചിട്ടുണ്ടെന്ന് ഡോ. രാധാകൃഷ്ണൻ വെളിപ്പെടുത്തി.
ഇതിൽ 2.8 ലക്ഷം അപേക്ഷകൾ പരിശോധിച്ചു. കോയമ്പത്തൂരിൽ മാത്രം 15,000 പുതിയ റേഷൻ കാർഡ് അപേക്ഷകൾ ലഭിച്ചു. പുതിയ റേഷൻ കാർഡുകളുടെ വിതരണം ഈ മാസം ആരംഭിക്കും.തമിഴ്നാട്ടിലെ സഹകരണ ഗോഡൗണുകളിൽ നിലവിൽ 33.6 ലക്ഷം നെല്ല് സ്റ്റോക്ക് ഉണ്ടെന്നും അഡീഷണൽ സെക്രട്ടറി പങ്കുവെച്ചു.