കോയന്പത്തൂർ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം: ഡിപിആർ തയാറാക്കൽ തുടങ്ങി
1443913
Sunday, August 11, 2024 5:38 AM IST
കോയമ്പത്തൂർ: കോയമ്പത്തൂരിൽ ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സുപ്രധാന ചുവടുവയ്പുമായി തമിഴ്നാട് സർക്കാർ.
അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനുള്ള ടെൻഡർ തയ്യാറാക്കി.രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ വികസനത്തിനായി ഡിപിആർ തയ്യാറാക്കാനും ഡിസൈൻ കൺസൾട്ടന്റിനെ നിയമിക്കാനും അഭ്യർഥന നൽകിയതായി കായിക വകുപ്പ് അധികൃതർ സ്ഥിരീകരിച്ചു.
ലേലക്കാർക്ക് അവരുടെ നിർദേശങ്ങൾ സമർപ്പിക്കാൻ ഒരു മാസത്തെ സമയം നൽകിയിട്ടുണ്ട്.
സേലത്തെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന എൻഎച്ച് 544ൽ കോയമ്പത്തൂർ നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് സ്റ്റേഡിയത്തിനായി എടുത്ത നിർദിഷ്ട സ്ഥലം. നിലവിൽ സംസ്ഥാന ജയിൽ വകുപ്പിന് പ്രദേശത്ത് 200 ഏക്കർ ഭൂമിയുണ്ട്, ഇതിൽ 198 ഏക്കർ ഡിപിആർ പൂർത്തിയാകുന്ന മുറയ്ക്ക് ഏറ്റെടുക്കാൻ നീക്കിവച്ചിട്ടുണ്ട്.
പഞ്ചനക്ഷത്ര സൗകര്യങ്ങൾ, ആധുനിക പ്ലെയർ ലോഞ്ചുകൾ, മീഡിയ, ബ്രോഡ്കാസ്റ്റിംഗ് സെന്ററുകൾ, പൊതു കഫ്റ്റീരിയകൾ, റെസ്റ്റോറന്റുകൾ, വ്യൂവിംഗ് ഗാലറികൾ, ക്രിക്കറ്റ് മ്യൂസിയം എന്നിവ സ്റ്റേഡിയത്തിൽ ഉണ്ടാകും.
കൂടാതെ ഒരു ഇൻഡോർ പ്രാക്ടീസ് അരീന, സ്പെഷ്യലിസ്റ്റ് ഇൻഡോർ ഫീൽഡിംഗ് സോൺ, പിച്ച് ക്യൂറേഷൻ പരിശീലന സൗകര്യങ്ങൾ, ലെക്ചർ തീയറ്ററുകൾ എന്നിവ ഉൾപ്പെടുന്നു.
റെസ്റ്റോറന്റുകൾ, സ്പാകൾ, ഡോർമിറ്ററികൾ, വിനോദ മേഖലകൾ തുടങ്ങിയ കളിക്കാരെ കേന്ദ്രീകരിച്ചുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു. അംഗങ്ങളുടെ ക്ലബ്ബ്, സ്പോർട്സ് ബാർ, റസ്റ്റോറൻ്റ് എന്നിവയും നിർദിഷ്ട പദ്ധതിയുടെ ഭാഗമാണ്.