അനങ്ങൻമലയിലെ ക്വാറിയിൽ തഹസിൽദാരും ജിയോളജിസ്റ്റും പരിശോധന നടത്തും
1443501
Saturday, August 10, 2024 1:25 AM IST
ഒറ്റപ്പാലം: വിവാദമായ വരോട് അനങ്ങൻമല കരിങ്കൽക്വാറിയിൽ ഒറ്റപ്പാലം തഹസിൽദാറും ജില്ലാ ജിയോളജിസ്റ്റും പരിശോധന നടത്തും. ക്വാറി ഹൈക്കോടതിയുടെ ഉത്തരവിന് വിധേയമായാണോ പ്രവർത്തിക്കുന്നതെന്നതടക്കമുള്ള കാര്യങ്ങൾ ഇവർ പരിശോധിക്കും.
ജിയോളജി, റവന്യൂ വകുപ്പുകളോട് ക്വാറിയിൽ പരിശോധന നടത്തണമെന്ന് ഒറ്റപ്പാലം സബ്കളക്ടർ ഡോ. മിഥുൻ പ്രേംരാജ് ആണ് നിർദേശം നൽകിയത്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തസാഹചര്യത്തിൽ ക്വാറിയുടെ പ്രവർത്തനത്തെ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനാലാണ് പുനഃപരിശോധന നടത്തുന്നത്. ലൈസൻസ് ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കും.
ഇവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് സബ്കളക്ടറുടെ തീരുമാനം. കനത്ത മഴയുടെ സാഹചര്യത്തിൽ നിലവിൽ ക്വാറികൾ പ്രവർത്തിക്കുന്നില്ല.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനം തുടങ്ങിയിരുന്നത്. പിന്നീട് മുൻ ഒറ്റപ്പാലം സബ് കളക്ടർ അർജുൻ പാണ്ഡ്യൻ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.
ഇതിനെതിരേ ക്വാറിയുടമ വീണ്ടും കോടതിയെ സമീപിക്കുകയും ഉപാധികളോടെ പ്രവർത്തനം തുടരാൻ അനുമതി നേടുകയുമായിരുന്നു.
ഈ ഉപാധികളുടെ ലംഘനം നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ക്വാറിയുടെ അനുമതി പുനഃപരിശോധിക്കാൻ സർക്കാരിനെ സമീപിക്കാൻ നഗരസഭാ കൗൺസിലും കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.