അനങ്ങൻമല: കരിങ്കൽ ക്വാറിക്കെതിരെ സർക്കാരിനെ സമീപിക്കുമെന്നു നഗരസഭ
1443205
Friday, August 9, 2024 1:55 AM IST
ഒറ്റപ്പാലം: ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന അനങ്ങൻമലയിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനാനുമതി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സംസ്ഥാന സർക്കാറിനെ സമീപിക്കും.
നഗരസഭാ കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം. ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധന വീണ്ടും നടത്തണമെന്നാണ് ആവശ്യം.
വയനാട് ദുരന്തത്തിന്റെ പശ്ചാതലത്തിലാണ് ക്വാറിയുടെ അനുമതി സംബന്ധിച്ച് കൗൺസിലിൽ വിഷയം ചർച്ചയായത്.
ക്വാറിക്ക് എങ്ങനെ അനുമതി ലഭിച്ചുവെന്നും നിലവിലെ സാഹചര്യമെന്തെന്നും വിശദീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൗൺസിലർമാർ രംഗത്തെത്തുകയായിരുന്നു.
ക്വാറി വിഷയത്തിൽ രൂക്ഷമായ രാഷ്ട്രീയ തർക്കവും കൗൺസിലിലുണ്ടായി.
വരോട് മേഖലയിലെ നാല് സിപിഎം കൗൺസിലർമാർ രാജിസന്നദ്ധത അറിയിച്ചു. സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തിയാൽ ഉടൻ ക്വാറിയുടെ പ്രവർത്തനാനുമതി റദ്ദാക്കപ്പെടുമെന്ന് കോൺഗ്രസ് അംഗം എം. ഗോപൻ പറഞ്ഞതോടെയാണ് തർക്കം തുടങ്ങിയത്.
സിപിഎമ്മിന് ഇക്കാര്യത്തിൽ ആത്മാർഥതയില്ലെന്നും കോൺഗ്രസ് കൗൺസിലർ ആരോപിച്ചു.
രാജി ആവശ്യപ്പെടാൻ കോൺഗ്രസിന് അധികാരമില്ലെന്നും രാഷ്ട്രീയം കലർത്തി ചർച്ച വഴിതിരിച്ചുവിടുകയാണെന്നും സിപിഎം കൗൺസിലർമാരും ആരോപിച്ചു.
ഒടുവിൽ പ്രശ്നപരിഹാരത്തിനായി സർക്കാരിനെ സമീപിക്കാൻ തീരുമാനിച്ചതോടെയാണ് തർക്കം തീർന്നത്.
അനുമതി നൽകിയ സർക്കാർ നടപടിക്കെതിരേ നഗരസഭ കോടതിയെ സമീപിക്കണമെന്ന് ബിജെപി പ്രമേയം അവതരിപ്പിച്ചു.
സർക്കാർ ഉത്തരവിനെതിരേ നഗരസഭ കോടതിയെ സമീപിക്കണമെന്ന ആവശ്യം ചട്ടവിരുദ്ധമാണെന്നും പ്രമേയം അതേപടി അംഗീകരിക്കാനാകില്ലെന്നും ചെയർപേഴ്സൺ കെ. ജാനകീദേവിയും സെക്രട്ടറി എ.എസ്. പ്രദീപും അറിയിച്ചു.
ഇതിനിടെയാണു ക്വാറിയുടെ പ്രവർത്തനാനുമതി പുനഃപരിശോധിക്കണമെന്നു സർക്കാരിനോട് ഏകകണ്ഠമായി ആവശ്യപ്പെടാമെന്ന നിർദേശം ചെയർപേഴ്സൻ മുന്നോട്ടുവച്ചത്.
എന്നാൽ കാലാവസ്ഥാ പ്രശ്നങ്ങൾ മുൻനിർത്തി താത്കാലികമായി ക്വാറിയുടെ പ്രവർത്തനം നിർത്തിവച്ചിട്ടുണ്ടെന്നും ഭൂവിജ്ഞാനവകുപ്പ് ഉദ്യോഗസ്ഥരുടേതുൾപ്പെടെ പരിശോധനയ്ക്കു ശേഷമേ ഇനി ക്വാറി തുറക്കാനാകൂവെന്നും സിപിഎം അംഗങ്ങളുടെ ചോദ്യത്തിനു സെക്രട്ടറി മറുപടി നൽകി.
പനമണ്ണ ഇത്തിയൻമല കേന്ദ്രീകരിച്ചു തുടങ്ങാനിരിക്കുന്ന ക്വാറിയെച്ചൊല്ലിയും യോഗത്തിൽ കൗൺസിലർമാർ ആശങ്ക പങ്കുവച്ചു.
ഈ ക്വാറിക്ക് എക്സ്പ്ലോസീവ് ലൈസൻസ് ലഭിച്ചിട്ടില്ലെന്ന് ഒറ്റപ്പാലം നഗരസഭ സെക്രട്ടറി വിശദീകരിച്ചു.