മഴയിൽ പോത്തുണ്ടി ജലസേചന കനാലുകളിൽ മണ്ണ് നിറഞ്ഞു
1442595
Wednesday, August 7, 2024 1:24 AM IST
നെന്മാറ: പ്രളയസമാനമായി പെയ്ത മഴയിലും ഉരുൾപൊട്ടലിലും ജലസേചന കനാലുകൾക്ക് കനത്ത നാശം. പോത്തുണ്ടി ജലസേചന പദ്ധതിയുടെ ഇടതു-വലതു പ്രധാന കനാലുകളിലും ഉപകനാലുകളിലും വിവിധ ഇടങ്ങളിലായി കല്ലും മണ്ണും മരങ്ങളും വന്ന് അടിഞ്ഞു. കനാലുകളിലേക്ക് കുത്തിയൊലിച്ച് എത്തിയ വെള്ളപ്പാച്ചിൽമൂലം നിരവധി സ്ഥലങ്ങളിൽ കനാൽബണ്ടുകൾ തകർന്നുപോവുകയും ചെയ്തിട്ടുണ്ട്.
കനാലുകൾ മണ്ണുനീക്കി വൃത്തിയാക്കാനും പൂർവസ്ഥിതിയിലാക്കാനും വൻതുക വേണ്ടിവരും. പോത്തുണ്ടി എക്സിക്യൂട്ടീവ് എൻജിനീയറുടെയും അസിസ്റ്റന്റ് എൻജിനീയർമാരുടെയും നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി നാശനഷ്ടം വിലയിരുത്തി. കാട്ടുചോലകളിൽനിന്നും കനാലിലേക്ക് വെള്ളമൊഴുകുന്നതു തടയാൻ നിർമിച്ച ബണ്ടുകളും പലയിടത്തും കുത്തിയൊലിച്ചതിനെ തുടർന്നും കനാലുകളിലേക്ക് ചെളിവെള്ളവും മണ്ണും ഒലിച്ചിറങ്ങാൻ കാരണമായി. ഇടതുകനാലിലെ കൽച്ചാടി ബ്രാഞ്ച് കനാലിൽ 20 അടിയോളം നീളത്തിൽ കനാൽബണ്ടും റോഡും ഒഴുകിപ്പോയി.
ഒലിപ്പാറ ബ്രാഞ്ച് കനാലിൽ പൂഞ്ചേരി, ഓവുപാറ മലയോരമേഖലകളിൽ ഉണ്ടായ ചെറിയ ഉരുൾപൊട്ടലിനെ തുടർന്ന് ഒരു കിലോമീറ്ററോളം ദൂരം മണ്ണും മണലും കുത്തിയൊലിച്ച് കനാൽ നികന്നു പോയി. മൂന്നിടങ്ങളിൽ കനാൽ കവിഞ്ഞ് വെള്ളം ഒഴുകിയതിനാൽ വശങ്ങൾ ഇടിഞ്ഞിട്ടുണ്ട്. മണലൂർ ചള്ള ഭാഗത്തുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കനാലിൽ മരങ്ങളും ചെളിയും മണ്ണും ഇറങ്ങി മീറ്റർ കണക്കിന് ദൂരം കനാൽ നികന്നുപോയി. കയറാടി ബ്രാഞ്ച് കനാലിൽ കാന്തളം, മയിലാടുംപാറ ഭാഗങ്ങളിലെ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനെയും തുടർന്ന് നിരവധി സ്ഥലങ്ങളിൽ കനാൽ നികന്നു.
വലതുകര കനാലിൽ എലവഞ്ചേരി ബ്രാഞ്ച് കനാലിലും, നെന്മാറ കോളജിന് സമീപം ഗോമതി ഭാഗത്തും കനാലിലേക്ക് മണ്ണിടിഞ്ഞും ഒഴുകിയെത്തിയും കനാലിൽ തടസം ഉണ്ടായിട്ടുണ്ട്. കോട്ടക്കുളം ചല്ലുപടി ഭാഗത്തേക്കുള്ള കനാലിലും വിവിധ ഇടങ്ങളിൽ മണ്ണും ചെളിയും നിറഞ്ഞു.
കനാലുകളുടെ അറ്റകുറ്റപണിയും നികന്നുപോയ സ്ഥലങ്ങളിലെ മണ്ണ് മാറ്റി സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ നിരവധി മേഖലകളിൽ ജലസേചനം മുടങ്ങി അടുത്ത വിളയെടുക്കാൻ പറ്റാത്ത സ്ഥിതിയുണ്ടാകുമെന്ന് കർഷകർ ആശങ്ക പങ്കുവെച്ചു.