ഉഷ്ണകാല ദുരന്ത ലഘൂകരണം : മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
1395391
Sunday, February 25, 2024 6:29 AM IST
പാലക്കാട് : സിവിൽ സ്റ്റേഷനിലേത് ഉൾപ്പെടെ എല്ലാ സർക്കാർ ഓഫീസുകളിലും അടിയന്തര ഫയർ ഓഡിറ്റ് നടത്തി സ്വീകരിക്കേണ്ട നടപടികൾ എടുക്കാൻ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സണ് കൂടിയായ ജില്ലാ കളക്ടർ എസ്. ചിത്ര നിർദേശം നൽകി.
അന്തരീക്ഷ താപനില ഉയർന്ന് വരുന്ന സാഹചര്യത്തിൽ ചേംബറിൽ പ്രത്യേകമായി വിളിച്ചു ചേർത്ത ഉദ്യോഗസ്ഥ തല യോഗത്തിലാണ് ജില്ലാ കളക്ടർ ഉഷ്ണകാല ദുരന്ത ലഘൂകരണ തയ്യാറെടുപ്പ് സംബന്ധിച്ച് നിർദ്ദേശം നൽകിയത്.
തീ പിടിക്കാവുന്ന വസ്തുക്കൾ കൂടിക്കിടക്കുന്നത് ഒഴിവാക്കുക, വൈദ്യുത ഉപകരണങ്ങൾ ഉപയോഗശേഷം ഓഫ് ചെയ്യുക, തീ അണയ്ക്കുവാൻ ആവശ്യമായ സൗകര്യം ഒരുക്കുക, കെട്ടിടത്തിലെ നടപ്പാതകളിൽ തടസങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ഓഫീസുകളിൽ പരിശോധന നടത്തുക.
തദ്ദേശസ്വയംഭരണ വകുപ്പും സന്നദ്ധ സംഘടനകളും മറ്റു ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ച് പൊതുജനങ്ങൾക്കും യാത്രക്കാർക്കും പൊതുയിടങ്ങളിൽ തണ്ണീർപന്തലുകൾ, വാട്ടർ കിയോസ്കുകൾ സ്ഥാപിക്കണം. ചൂട് കൂടുതലുള്ള സമയങ്ങളിൽ പാർക്കുകൾ പോലുള്ള വിശ്രമ കേന്ദ്രങ്ങൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാൻ അധികൃതർ നടപടിയെടുക്കണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാനും ഇത് സംബന്ധിച്ച് പരിശോധന നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരീക്ഷാ സമയങ്ങളിലുൾപ്പെടെ വാട്ടർബെൽ പദ്ധതി കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർ വിദ്യഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകി.
ക്രമീകരിച്ച തൊഴിൽ സമയം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് അധികൃതർക്ക് നിർദേശം നൽകി. വേനൽ കാലങ്ങളിൽ കുടിവെള്ളം തേടി വന്യമൃഗങ്ങൾ കാടുവിട്ടിറങ്ങാനുള്ള സാഹചര്യം ഒഴിവാക്കാനായി മുൻകരുതലുകൾ എടുക്കാനും വനങ്ങളിൽ ജലലഭ്യത ഉറപ്പാക്കാനും വനംവകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി. പടക്ക നിർമ്മാണശാലകൾ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാൻ ഫയർഫോഴ്സ് ഓഫീസർക്കും അനധികൃത പടക്ക നിർമാണശാലകൾ പരിശോധിച്ചു റിപ്പോർട്ട് നൽകാൻ തഹസിൽദാർമാർക്കും നിർദേശമുണ്ട്.
എംജിഎൻആർഇജിഎസ് മുഖേന കുളങ്ങളിൽ ജലലഭ്യത ഉറപ്പാക്കാനും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ഒഴിവാക്കാൻ വാട്ടർ അതോറിറ്റി അധികൃതർക്കും നവകേരള മിഷന്റെ നീരുറവ സംരക്ഷണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സജീവമാക്കി നിർത്താനും ജില്ലാ കലക്ടർ യോഗത്തിൽ നിർദേശം നൽകി.
യോഗത്തിൽ വാട്ടർ അഥോറിറ്റി, ജെഡിഎൽഎസ്ജിഡി, ആരോഗ്യം, ഭൂജലവകുപ്പ്, ഫയർഫോഴ്സ്, വനം വകുപ്പ്, പി.ആർ.ഡി ഉദ്യോഗസ്ഥർ പങ്കെടുത്തു.