കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച കണിക്കുന്നേൽ മാണി മത്തായിയുടെ കുടുംബം അനാഥമായി
1394632
Thursday, February 22, 2024 1:49 AM IST
ജോജി തോമസ്
നെന്മാറ: റബർ തോട്ടത്തിൽ ടാപ്പിംഗ് ജോലി ചെയ്യുന്നതിനിടെ രാവിലെ രാവിലെ ഒന്പതിനാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ നെന്മാറ ഒലിപ്പാറയിൽ മാണി മത്തായി ദാരുണമായി കൊല്ലപ്പെട്ടത്.
2021 നവംബർ 11 നാണ് ഒലിപ്പാറക്കടുത്ത് ആനപ്പാടിയിൽ റബർ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കെ കാട്ടുപന്നി ആക്രമിച്ചത്.
ആക്രമണത്തിൽ ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ ടാപ്പിംഗ് തൊഴിലാളിയായ ഒലിപ്പാറ കണിക്കുന്നേൽ മാണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.
ശേഷം രണ്ടുതവണയായി കിട്ടിയ നഷ്ടപരിഹാരതുക ചികിത്സാ ചെലവിനും കടം വീട്ടാനും മാത്രമേ തികഞ്ഞുള്ളൂ. സ്വന്തമായുള്ള നാല് സെന്റ് ഭൂമിയിൽ തകർന്നുവീഴാറായ വീടും അതിനു മുന്നിൽ മത്തായിയുടെ ഭാര്യ നടത്തുന്ന ചെറിയ പെട്ടിക്കടയുമാണ് വരുമാനമാർഗം. മാണി മത്തായിയുടെ ഭാര്യ ആലീസിന് 64 വയസുണ്ട്.
തൃശൂർ മെഡിക്കൽ കോളജിൽ മുട്ടിന് ശസ്ത്രക്രിയ നടത്തി ദീർഘയാത്ര ചെയ്യാനോ മറ്റും കഴിയാതെ പരസഹായത്തിലാണ് ജീവിക്കുന്നത്.
വനം വകുപ്പിന്റെ നഷ്ടപരിഹാര തുക വൈകിയതോടെ ഒലിപ്പാറ വിശുദ്ധ പത്താം പീയൂസ് പള്ളി അധികൃതരുടെയും, കിഫ പ്രവർത്തകരുടെയും സഹകരണത്താലാണ് വനം വകുപ്പിനെതിരെ കോടതിയിൽ കേസ് കൊടുത്തു നഷ്ടപരിഹാരം ഒരു വർഷം കഴിഞ്ഞാണെങ്കിലും പൂർണമായും ലഭ്യമായത്.
മാണിയുടെ മരണം നാടിനു
നൽകിയതു ദുരിതംമാത്രം
നെന്മാറ: കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണമുണ്ടായതോടെ മേഖലയിലെ റബർ തോട്ടങ്ങളിൽ ടാപ്പിംഗിന് ആളെ കിട്ടാതായി. ലഭ്യമായ തോട്ടങ്ങളിൽ ടാപ്പിംഗ് പകൽ വെളിച്ചത്തിലായി മാറി. കാട്ടുപന്നികളുടെ ആക്രമണത്തിന് പ്രതിരോധ നടപടികൾ ഒന്നും പാലിക്കപ്പെട്ടില്ല. വനം വകുപ്പും അധികൃതരും വാഗ്ദാനം ചെയ്ത ദ്രുത പ്രതികരണ സേന ( ആർആർടി) വർഷങ്ങൾ കഴിഞ്ഞിട്ടും നിലവിൽ വന്നില്ല. മാണിയുടെ മരണത്തിനുശേഷം മേഖലയിലെ വിവിധ ഇടങ്ങളിലെ കിണറുകളിൽ കാട്ടുപന്നികൾ വീണതും നിരവധി ഇരുചക്രവാഹനക്കാർക്ക് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായതും മേഖലയിലെ നിരവധി കുടുംബങ്ങൾ വീട് ഒഴിഞ്ഞു താമസം മാറി.
കുടിയിറക്കു ഭീഷണിയിലാണു പല കുടുംബവും. വന്യ മൃഗ ഭീഷണിയിൽ രാവിലെ പത്ര വിതരണവും പ്രധാന കവലകളിലെ കടകളിൽ ഏല്പിക്കുന്ന രീതിയിലേക്കെത്തി. പ്രഭാത സായാഹ്ന സവാരിക്കാർ ഇല്ലാതായി. അതിരാവിലെയുള്ള ചായക്കടകൾ പകൽ വെളിച്ചത്തിൽ മാത്രം തുറക്കുന്നവയായി മാറി. കഴിഞ്ഞ ഒരു മാസത്തിനിടെ ഒലിപ്പാറ, നേർച്ചപ്പാറ മേഖലകളിൽ നിരന്തരമായി കാട്ടാനക്കൂട്ടം വീടുകൾക്ക് സമീപം എത്തി കൃഷിയും വീടുകളും നശിപ്പിച്ചതും, ടാപ്പിംഗ് തൊഴിലാളികൾക്ക് നേരെ കാട്ടാന ഓടിയടുത്ത സംഭവങ്ങളും ഉണ്ടായി.
വർഷകാലം, വേനൽക്കാലം വ്യത്യാസമില്ലാതെ കാട്ടാന, മാൻ, കാട്ടുപന്നി, പുലി എന്നിവയുടെ വിഹാര കേന്ദ്രമായി മേഖല മാറി. ജനങ്ങളുടെ പരാതികളുടെ പ്രളയമാകുമ്പോൾ വനം വകുപ്പ് പടക്കം പൊട്ടിച്ച് പൊതുജനത്തെ സമാധാനിപ്പിക്കൽ യജ്ഞം തുടരുന്നു. ആട്, പശു, മുയൽ, നായ, തുടങ്ങിയ വളർത്തുമൃഗങ്ങളെ പുലി പിടിച്ച സംഭവങ്ങളും മേഖലയിലെ ക്ഷീരകർഷകരെയും അരക്ഷിതാവസ്ഥയിലാക്കി. കാട്ടുപന്നി ആളെ കൊന്ന മേഖല എന്ന നിലയിൽ പ്രദേശത്തെ ഭൂമി വില്പനയും കുറഞ്ഞു. പുതുതായി ആരും ഭൂമി വാങ്ങാൻ വരാത്തതും ഭൂമിയുടെ വില കുറച്ചു ചോദിക്കുന്നതും മേഖലയിലുള്ളവർക്ക് ദുരിതമായി. വനമേഖലയിൽ നിന്ന് കിലോമീറ്റർ ഇപ്പുറത്താണ്് ഒലിപ്പാറ പ്രദേശമെങ്കിലും പുറത്തുനിന്നുള്ളവർക്ക് ഇപ്പോഴും ജീവനും വസ്തുവകകളും നഷ്ടമാകുന്ന മലയോര മേഖലയെന്ന ഖ്യാതി യാണുള്ളത്.
കിഴങ്ങ് വർഗങ്ങളായ കപ്പ, ചേമ്പ്, ചേന തുടങ്ങിയവയുടെ കൃഷിയും മേഖലയിൽ നിലച്ചു. ആനയുടെ ഭീതിയിൽ വാഴ, തെങ്ങ്, തീറ്റപ്പുൽ കൃഷിയും ഇല്ലാതായി. സർക്കാർ സ്ഥാപിച്ച സൗരോർജ വൈദ്യുത വേലികളും മറികടന്ന് ജനവാസ മേഖലകൾ വന്യ മൃഗങ്ങൾ വിലസി തുടങ്ങിയതോടെ പ്രദേശവാസികൾ ദുരിതത്തിലായി.