സനാതനത്വം വെറുപ്പില്ലായ്മയിലൂടെ മാത്രമേ സാധ്യമാകൂ: എച്ച്.എസ്. ശിവപ്രകാശ്
1337699
Saturday, September 23, 2023 1:45 AM IST
പാലക്കാട്: മനുഷ്യർക്കിടയിൽ വെറുപ്പ് പടർത്തുന്നതിലൂടെയല്ല, വെറുപ്പില്ലായ്മയിലൂടെ മാത്രമേ സനാതനത്വം സംരക്ഷിക്കുക സാധ്യമാവുകയുള്ളൂ എന്ന് കവിയും നാടകകൃത്തുമായ എച്ച്.എസ്.ശിവപ്രകാശ് പറഞ്ഞു.
ബുദ്ധനിൽ നിന്നും തുടങ്ങി ശ്രീനാരായണ ഗുരുവിലൂടെ തുടർന്ന തത്വചിന്താധാര മനുഷ്യരെ സ്നേഹത്തിലൂടെ ഒന്നിപ്പിക്കുന്ന വിധമായിരുന്നു എന്നും, ആഗോളവത്കരണത്തിനു കന്പോളങ്ങളെ ഒന്നിപ്പിക്കാൻ മാത്രമാണു കഴിഞ്ഞതെന്നും, ലോകമെന്പാടുമുള്ള മനുഷ്യരെ ഒന്നിപ്പിക്കാൻ ഈ ആത്മീയബോധത്തിനു മാത്രമേ സാധിച്ചുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാഹിത്യ അക്കാദമിയും, പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച ശ്രീനാരായണ ഗുരു മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. ഇന്ത്യയിൽ ഒതുക്കി നിർത്താതെ, ലോകമാകെ ഓർക്കപ്പെടേണ്ടതും വ്യാപിപ്പിക്കേണ്ടതുമായ ആശയങ്ങളാണു ശ്രീ നാരായണ ഗുരുവിന്റേതും, ശ്രീരാമചന്ദ്ര അഡിഗൈയുടെതെന്നും എച്ച്.എസ്.ശിവപ്രകാശ് ഓർമിപ്പിച്ചു. കെ.പി. രാമനുണ്ണി അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ പ്രഭാവർമ മുഖ്യപ്രഭാഷണം നടത്തി.
സാഹിത്യ അക്കാദമി സെക്രട്ടറി കെ.ശ്രീനിവാസ റാവു സ്വാഗതവും, പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ.അജയൻ നന്ദിയും പറഞ്ഞു. തുടർന്ന് ശ്രീ നാരായണ ഗുരുവിന്റെ തത്വശാസ്ത്രം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഷൗക്കത്ത്, ടി.കെ. സന്തോഷ്കുമാർ എന്നിവർ വിഷയം അവതരിപ്പിച്ചു. ഡോ. സി.പി. ചിത്രഭാനു അധ്യക്ഷത വഹിച്ച സെമിനാറിൽ പ്രഫ. പി.എ. വാസുദേവൻ സ്വാഗതവും മോഹൻദാസ് ശ്രീകൃഷ്ണപുരം നന്ദിയും പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ സാമൂഹിക പുനർനിർമാണം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ. ഖദീജ മുംതാസ്, ഡോ. എൻ.ആർ. ഗ്രാമപ്രകാശ് എന്നിവർ വിഷയാവതരണം നടത്തി.
വൈശാഖൻ അധ്യക്ഷത വഹിച്ചു. ടി.കെ.ശങ്കരനാരായണൻ സ്വാഗതവും മനോജ് വീട്ടിക്കാട് നന്ദിയും പറഞ്ഞു.