ഒറ്റപ്പാലം താലൂക്ക് ആശുപത്രിയ്ക്കെതിരായ പരാതിയിൽ സബ് കളക്ടറുടെ അന്വേഷണം
1337687
Saturday, September 23, 2023 1:41 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്കാശുപത്രി ജീവനക്കാർക്കെതിരെ പരാതികൾ വ്യാപകമായ സാഹചര്യത്തിൽ സബ് കളക്ടർ ഡി. ധർമ്മലശ്രി അന്വേഷണം തുടങ്ങി.
കാലിൽ മുറിവോടെയെത്തിയ മനോദൗർബല്യമുള്ള യുവാവിനു രണ്ടുമണിക്കൂർ ചികിത്സ വൈകിപ്പിച്ചെന്നും അർബുദ രോഗിയായ പാലപ്പുറം സ്വദേശിനിക്കു മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയില്ലെന്നും ആരോപിച്ചു ആപ്പേപ്പുറം വാർഡ് നഗരസഭാ കൗൺസിലർ സി. പ്രസീത നേരത്തെ പരാതി നൽകിയിരുന്നു.
കിടത്തിച്ചികിത്സ ആവശ്യമുള്ള രോഗികളെ വാർഡിൽ പ്രവേശിപ്പിക്കാതെ മറ്റ് ആശുപത്രികളിലേക്കു ശിപാർശ ചെയ്യുകയാണെന്ന് ആരോപിച്ചു സൗത്ത് പനമണ്ണ വട്ടനാൽ വാർഡിലെ കൗൺസിലർ സി.സജിത്തും സബ് കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ 18നാണ് അർബുദ രോഗിയായ അറുപത്തിയെട്ടുകാരി മെഡിക്കൽ സർട്ടിഫിക്കറ്റിനായി ആശുപത്രി സൂപ്രണ്ടിനെ സമീപിച്ചത്.
ഉച്ചവരെ കാത്തു നിർത്തിയ ശേഷം സാങ്കേതികത്വം നിരത്തി സർട്ടിഫിക്കറ്റ് നൽകാതെ ഇവരെ മടക്കിവിട്ടെന്നാണു പരാതി.
സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന രോഗിയുടെ സാഹചര്യം കണ്ടാണ് ഇന്നലെ നഗരസഭാ കൗൺസിലർ സി.പ്രസീത രേഖകളുമായി ആശുപത്രിയിലെത്തിയത്.
ഉച്ചവരെ നീണ്ട പരിശ്രമത്തിനാെടുവിൽ ആവശ്യമായ രേഖകൾ മുഴുവൻ കൃത്യമായി കൈമാറിയ ജനപ്രതിനിധിയെയും സർട്ടിഫിക്കറ്റ് നൽകാതെ മടക്കിവിട്ടെന്നാണു പരാതി.
രോഗി നേരിട്ടുവന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടിയെന്നു പരാതിയിൽ ആരോപിക്കുന്നു.
ശാരീരിക അവശതകൾ മൂലമാണു രോഗി എത്താത്തതെന്നും കഴിഞ്ഞ ദിവസം ഇതേ ആവശ്യത്തിന് അവർ നേരിട്ടു വന്നിരുന്നുവെന്നും വിശദീകരിച്ചിട്ടും ഫലമുണ്ടായില്ലെന്നു പ്രസീത പറഞ്ഞു. നേരത്തെയുണ്ടായിരുന്ന ഡോക്ടർമാർ നിശ്ചിത കാലാവധി പൂർത്തിയായതിന്റെ പേരിൽ കൂട്ടത്തോടെ സ്ഥലംമാറിപ്പോയ ശേഷം ഒപിയിലും അത്യാഹിത വിഭാഗത്തിലും രോഗികൾക്ക് ആവശ്യമായ ചികിത്സ ലഭിക്കാത്ത സാഹചര്യമായി മാറിയെന്നാണു നഗരസഭാ കൗൺസിലർ സി.സജിത്ത് സബ് കളക്ടർക്കു നൽകിയ പരാതിയിലുള്ളത്.
ആശുപത്രിയിലുള്ള സൗകര്യം പോലും പ്രയോജനപ്പെടുത്താതെ രോഗികളെ ജില്ലാ ആശുപത്രിയിലേക്കും മെഡിക്കൽ കോളജിലേക്കും ശുപാർശ ചെയ്തു വിടുകയാണെന്നും ആവശ്യമായ ഇടപെടൽ വേണമെന്നുമാണ് ആവശ്യം.