സീസൺ പിൻവാങ്ങിയിട്ടും പൂത്തുലുഞ്ഞ് ചെണ്ടുമല്ലി
1337681
Saturday, September 23, 2023 1:41 AM IST
ചിറ്റൂർ: സീസൺ കഴിഞ്ഞിട്ടം മണിയാട്ടുകുളമ്പ് സ്വാമിനാഥന്റെ തോട്ടത്തിൽ ചെണ്ടുമല്ലിയുടെ വിളസമൃദ്ധി. പ്രദേശത്തുകൂടെ കടന്നുപോകുന്നവർക്ക് സുന്ദരക്കാഴ്ചയൊരുക്കുകയാണ് ഈ "പൂന്തോട്ടം'.
സ്വാമിനാഥൻ ഒരേക്കർ സ്ഥലത്താണ് പൂകൃഷി ഒരുക്കിയിട്ടുള്ളത്. ഓഗസ്റ്റിൽ ഓണത്തിന് കിലോയ്ക്ക് 150 നിരക്കിൽ നല്ല പ്രതിഫലം ലഭിച്ചിരുന്നു. ഇപ്പോൾ ചെണ്ടുമല്ലിക്ക് ആവശ്യക്കാർ ഇല്ലാത്തതിനാൽ വിളവെടുപ്പ് നടത്തിയിട്ടില്ല . കോയമ്പത്തൂർ പൂമാർക്കറ്റിലെത്തിച്ചാൽ പൂക്കൾക്ക് വില ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കർഷകൻ.
ചുള്ളിപ്പെരുക്കമേട് - പാറക്കളം പാതയിലാണ് ഈ പൂകൃഷിയുള്ളത്. പലരും വാഹനങ്ങൾ നിർത്തി തോട്ടത്തിൽ നിന്ന് സെൽഫി എടുക്കുന്നുമുണ്ട്. ഇത്തവണ ചെണ്ടുമല്ലി കൃഷിക്കായി കർഷകൻ പ്രത്യേക പരിചരണങ്ങളൊന്നും ചെയ്തില്ലെങ്കിലും വിളവു സമൃദ്ധമാണ്. അടുത്ത ഓണക്കാലത്ത് കൂടുതൽ ഭൂമി പാട്ടത്തിനെടുത്ത് ചെണ്ടുമല്ലി കൃഷി നടത്തുമെന്നും സ്വാമിനാഥൻ പറഞ്ഞു.