പ്രതിസന്ധി മറികടക്കാനാകാതെ ചെറുകിട ഇരുന്പ് ഉപകരണ നിർമാണ മേഖല
1335253
Wednesday, September 13, 2023 1:08 AM IST
ഷൊർണൂർ: പരാധീനതകളുടെ പടവുകൾ താണ്ടാനാവാതെ ഷൊർണൂരിലെ ചെറുകിട ഇരുമ്പ് ഉപകരണ നിർമാണ മേഖല. തദ്ദേശീയമായി വിപണികളില്ലാത്തതും സാമ്പത്തിക പരാധീനതകളുമടക്കം ചെറുകിട വ്യവസായികൾക്ക് പറയാനുള്ളത് പരാധീനതകൾ മാത്രം.
നൂറുകണക്കിന് ചെറുകിട വ്യവസായികളുണ്ടായിരുന്ന ഷൊർണൂരിൽ ഇവരുടെ ഉല്പന്നങ്ങൾ വില്ക്കാനും നിർമിക്കാനുമായി പദ്ധതിയിട്ട കെട്ടിട സമുച്ചയത്തിന്റെ നിർമാണവും തൃശങ്കുവിലാണ്. കുളപ്പുള്ളി മെറ്റൽ ഇൻഡസ്ട്രീസിന് സമീപമുള്ള വ്യവസായ വകുപ്പിന്റെ സ്ഥലത്ത് നാല് വർഷം മുമ്പ് തറക്കല്ലിട്ട കെട്ടിട നിർമാണ നടപടികൾ തറക്കല്ലിടലിൽ തന്നെ കിടക്കുകയാണ്.
കെട്ടിട സമുച്ചയത്തിന് വ്യവസായമന്ത്രി തന്നെയാണ് അന്ന് തറക്കല്ലിട്ടത്. എന്നാൽ, നിർമാണപ്രവൃത്തികൾ ഒന്നുമുണ്ടായില്ലന്നാണ് വ്യവസായികളുടെ പരാതി. വർഷങ്ങൾ പിന്നിട്ടിട്ടും കെട്ടിടം നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റാൻ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. മരങ്ങൾ മുറിച്ചുമാറ്റിയാൽ മാത്രമേ നിർമാണ പ്രവൃത്തികൾക്കായി സ്ഥലം കൈമാറാനാകു.
വർഷങ്ങൾ പലത് പിന്നിട്ടതോടെ വ്യവസായ സമുച്ചയത്തിന്റെ നിർമാണച്ചെലവും വർധിച്ചു. നിർമാണത്തിന് അനുമതി നല്കിയ സമയത്തെ എസ്റ്റിമേറ്റ് പുതുക്കിയായിരിക്കും ഇനി നിർമാണം ആരംഭിക്കാനാവുക.
സമുച്ചയം വരുന്നതോടെ നൂറോളം ചെറുകിട വ്യവസായികൾക്ക് കെട്ടിടത്തിൽ സ്ഥലം അനുവദിക്കാനാവും.
വ്യവസായ സമുച്ചയം നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റാനാവശ്യമായ ലേലനടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് വ്യവസായവകുപ്പ് അധികൃതർ പറയുന്നുണ്ടങ്കിലും ഒന്നുമായിട്ടില്ല. ചെറുകിട വ്യവസായികളുടെ ഉല്പന്നങ്ങൾ വില്പന നടത്താനുദ്ദേശിച്ചാരംഭിച്ച പദ്ധതി എങ്ങുമെത്താത്തത് വീക്ഷണമില്ലാത്തതിനാലാണന്ന് ആക്ഷേപമുണ്ട്.