നെല്ലിന് തൂക്കം കുറഞ്ഞത് കർഷകർക്ക് തിരിച്ചടി
1299921
Sunday, June 4, 2023 7:07 AM IST
ഒറ്റപ്പാലം : രണ്ടാം വിള നെല്ല് സംഭരണം വൈകിയതോടെ കനത്ത ചൂടിൽ വരണ്ടുണങ്ങി നെല്ലിന് തൂക്കം കുറഞ്ഞത് കർഷകർക്ക് ഇത്തവണ വലിയ തിരിച്ചടിയായതായി പരാതി. കൊയ്തെടുത്ത നെല്ല് ഒരു മാസത്തിന് ശേഷമാണ് പലയിടത്തും സംഭരണമാരംഭിച്ചത്. വില്പ്പനക്ക് വേണ്ടി തൂക്കിയപ്പോഴാണ് വലിയ രീതിയിൽ നെല്ലിന് ഭാരക്കുറവ് വന്ന കാര്യം കർഷകർക്ക് അനുഭവപ്പെട്ടത്.
ഈ ഇനത്തിൽ വലിയ സാന്പത്തിക നഷ്ടമാണ് ഭൂരിഭാഗം കർഷകർക്കും ഇത്തവണ നേരിട്ടത്. 28 രൂപ 20 പൈസയാണ് നെല്ല് സംഭരണ വിലയായി കിലോഗ്രാമിന് കർഷകർക്ക് നല്കുന്നത്. നെല്ലിന്റെ ഈർപ്പം കുറഞ്ഞത് തൂക്ക കുറവിന് കാരണമായതായി കർഷകർ പറയുന്നു.
രണ്ടാം വിള നെല്ലു സംഭരണം നടത്തിയ പ്രദേശങ്ങളിലെല്ലാം നെല്ലിന്റെ സ്ഥിതി ഇതാണന്ന് കർഷകർ പറയുന്നു. നെല്ല് സംഭരണം വൈകിയതോടെയാണ് കർഷകർക്ക് നഷ്ടം സഹിക്കണ്ടി വന്നത്.
കൊയ്ത്തു കഴിഞ്ഞ സ്ഥലങ്ങളിൽ നെല്ല് സംഭരണം വേഗത്തിലാക്കണമെന്ന് കർഷകർ വളരെ മുന്പ് തന്നെ ശക്തമായി ആവശ്യപ്പെട്ടിരുന്നതാണ്. ജില്ലയുടെ പടിഞ്ഞാറൻമേഖലയിൽ ഭൂരിഭാഗം പാടശേഖരങ്ങളിലും വളരെ മുന്പ് തന്നെ ഏറെകുറെ കൊയ്ത്തു പൂർത്തിയാക്കിയിരുന്നു. എന്നാൽ നെല്ല് സംവരണം വളരെ വൈകിയാണ് നടന്നത്.
ഒന്നാം വിളയുടെ കൊയ്ത്തു സമയത്ത് അപ്രതീക്ഷിതമായെത്തിയ കനത്ത മഴയിൽ പലയിടത്തും വിള നശിക്കുകയും ചെയ്തിരുന്നു. ഈ നഷ്ടം സഹിച്ചാണു കടമെടുത്തും, പണം പലിശക്ക് വാങ്ങിയും ഭൂമി പണയപ്പെടുത്തിയുമെല്ലാം കർഷകർ രണ്ടാം വിള ഒരുക്കിയത്.
ഒക്ടോബർ രണ്ടാം ആഴ്ചയിലാണു പലയിടത്തും നടീൽ ആരംഭിച്ചത്. എങ്കിലും ഫെബ്രുവരി അവസാന ആഴ്ചയോടെ പലയിടത്തും കൊയ്ത്ത് ആരംഭിച്ചിരുന്നു. സാധാരണ മാർച്ച് ആദ്യ വാരത്തോടെയാണു നെല്ലു സംഭരണം ആരംഭിക്കേണ്ടത്.
കൊയ്തെടുത്ത നെല്ല് കൂട്ടിയിടുന്പോൾ ചൂടു തട്ടി ഈർപ്പവും തൂക്കവും കുറഞ്ഞെന്നാണു കർഷകർ പറയുന്നത്. ഒരു ഏക്കർ കൃഷിയിറക്കിയാൽ 2200-2400 കിലോവരെ നെല്ലാണ് ലഭിക്കുക. ചൂട് കൂടുന്നതോടെ ഇതിന്റെ അളവ് 20 ശതമാനം കുറയും. ഇക്കുറി വളത്തിന്റെ വിലയും രണ്ടിരട്ടിയായി ഉയർന്നിരുന്നു. ഉഴവു കൂലിയും കയറ്റിറക്കു കൂലിയും ഉൾപ്പെടെ കർഷകന് കൃഷി നടത്താൻ ഭാരിച്ച ചെലവു വരുന്നുണ്ട്. ഇതിനോടൊപ്പം നെല്ലിന്റെ തൂക്കം കൂടി കുറഞ്ഞത് കർഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.
ഇതിനിടയിൽ വേനൽ മഴ കൂടിയെത്തിയതിനാൽ ഇത്തവണ കൊയ്ത്തും സംഭരണവും പ്രതിസന്ധിയിലാകുന്ന അവസ്ഥയും രൂപപ്പെട്ടു. പടിഞ്ഞാറൻ മേഖലയിലാണ് ഇത്തവണ വ്യാപകമായി വേനൽമഴ പെയ്തത്.രണ്ടാം വിളയിൽ വലിയ മോശമില്ലാത്ത വിളവ് കർഷകർക്ക് ലഭിച്ചുവെന്നാണ് വിവരം.
എന്നാൽ നെല്ലിന്റെ ഭാര കുറവ് തിരിച്ചടിയാവുകയായിരുന്നു. വള്ളുവനാടൻ പാടശേഖരങ്ങളിൽ ഭൂരിഭാഗം സ്ഥലത്തും രണ്ടാം വിളമാത്രമാണ് കർഷകർ ഇറക്കിയത്. അതേസമയം ഇത്തവണ ഒന്നാം വിള ഇറക്കുന്നതിനുള്ള തകൃതിയായ ശ്രമത്തിലാണ് കർഷകർ.