കത്തീഡ്രൽ ദേവാലയത്തിൽ ഭക്തിസാന്ദ്രമായി വണക്കമാസ സമാപനം
1299225
Thursday, June 1, 2023 1:25 AM IST
പാലക്കാട് : ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ വണക്കമാസ സമാപന ദിവസമായ ഇന്നലെ പാലക്കാട് സെന്റ് റാഫേൽ കത്തീഡ്രൽ ദേവാലയത്തിൽ കാലംകൂടൽ ശുശ്രൂഷകൾ നടത്തപ്പെട്ടു. ഉച്ചകഴിഞ്ഞ് 5.30ന് വിശുദ്ധ കുർബാനയ്ക്ക് അസിസ്റ്റന്റ് വികാരി ഫാ.റ്റിറ്റോ കൊട്ടിയാനിക്കൽ നേതൃത്വം വഹിച്ചു.
തുടർന്ന് ജപമാല പ്രദക്ഷിണം പള്ളിയങ്കണത്തിലുള്ള ഗ്രോട്ടോയിലേക്ക് തിരികൾ തെളിയിച്ച് നടത്തി. പരിശുദ്ധ ദൈവമാതാവിന്റെ ഗ്രോട്ടോയിൽ വണക്കമാസത്തിന്റെ സമാപന പ്രാർത്ഥനകൾക്ക് വികാരി ഫാ.ജോഷി പുലിക്കോട്ടിൽ നേതൃത്വം നല്കി.
മേയ് മാസം ഒന്നാം തീയതി മുതൽ ആരംഭിച്ച മാതാവിന്റെ വണക്കമാസ പ്രാർത്ഥനയുടെ സമാപനവും പരിശുദ്ധ അമ്മ വഴി ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞ് പ്രാർത്ഥിച്ചു. പ്രാർത്ഥനകൾക്കും വിശുദ്ധ കുർബാനയ്ക്കും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പ്രാർത്ഥനകൾക്ക് ശേഷം ഇടവകയിലെ മാതൃവേദി ഒരുക്കിയ നേർച്ച വിതരണവും ഉണ്ടായിരുന്നു.