യുഡിഎഫിന് നേട്ടം, ബിജെപിക്ക് അട്ടിമറി വിജയം
1299224
Thursday, June 1, 2023 1:25 AM IST
സ്വന്തം ലേഖകർ
പാലക്കാട്: ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞടുപ്പിൽ യുഡിഎഫിന് നേട്ടം. സിപിഎമ്മിനും സിപിഐയ്ക്കും ഒരോ സീറ്റ് വീതം നഷ്ടമായപ്പോൾ ബിജെപിയ്ക്ക് അട്ടിമറി വിജയവും നേടാനായി.
സിറ്റിംഗ് സീറ്റായ മുതലമട പഞ്ചായത്തിലെ പറയന്പള്ളം. കരിന്പയിലെ കപ്പടം, പെരിങ്ങോട്ടുകുർശി പഞ്ചായത്തിലെ ബമ്മണ്ണൂർ വാർഡുകൾ നിലനിർത്തിയതിന് പുറമെ മുതലമടയിൽ കഴിഞ്ഞ തവണ സിപിഎം വിജയിച്ച സീറ്റും യുഡിഎഫ് പിടിച്ചെടുത്തു.
കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മൂന്നാം വാർഡായ കല്ലുമല വാർഡാണ് ബിജെപി അട്ടിമറി വിജയം നേടിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥി 198 വോട്ടുകൾക്ക് വിജയിച്ചതെങ്കിൽ ഇത്തവണ ബിജെപി സ്ഥാനാർഥി 92 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിക്കുകയായിരുന്നു.
മുതലമട പറയന്പളളത്തിൽ എൽഡിഎഫ് സ്ഥാനാർഥി നാലു വോട്ടുകൾക്ക് എൻഡിഎ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയതെങ്കിൽ ഇത്തവണ ഇരുവരെയും പിൻതള്ളി യുഡിഎഫ് സ്വതന്ത്രൻ 124 വോട്ടിനാണ് വിജയിച്ചത്. ലക്കിടി പേരൂർ പഞ്ചായത്തിൽ അകലൂർ ഈസ്റ്റ് മണ്ഡലം സിപിഎം നിലനിർത്തിയത്.
മുതലമട പഞ്ചായത്തിലെ പറയന്പള്ളം വാർഡിൽ യുഡിഎഫ് സ്വതന്ത്രൻ മണികണ്ഠൻ 124 വോട്ടിനാണ് വിജയിച്ചത്.
യുഡിഎഫിന് 723ഉം എൽഡിഎഫ് സ്ഥാനാർഥി മൂസക്ക് 599 ഉം എൻഡിഎ സ്ഥാനാർഥി പി.ഹരിദാസിന് 69 ഉം വോട്ട് വീതം ലഭിച്ചു.
സിപിഎം അംഗത്തിന് സർക്കാർ ജോലി രാജിവെച്ചതിനെ തുടർന്നാണ് ഉപതെരെഞ്ഞടുപ്പ് നടന്നത്.
20 അംഗ പഞ്ചായത്ത് സമിതിയിൽ നിലവിൽ സിപിഎമ്മിന് ഏഴും കോണ്ഗ്രസിന് ആറ് അംഗങ്ങളും ബിജെപി ചിഹ്നത്തിൽ വിജയിച്ച മൂന്ന് അംഗങ്ങളും രണ്ട് സ്വതന്ത്ര അംഗങ്ങളുമാണുള്ളത്. കോണ്ഗ്രസിന്റെയും ബിജെപിയുടെ മൂന്ന് അംഗങ്ങളുടെ പിന്തുണയോടെ സ്വതന്ത്ര അംഗങ്ങളാണ് അധ്യക്ഷയും ഉപാധ്യക്ഷയുമാണ് ഭരിക്കുന്നത്.
കാഞ്ഞിരപ്പുഴ കല്ലുമാല മൂന്നാം വാർഡിൽ ബിജെപി സ്ഥാനാർഥി ശോഭന പള്ളത്ത് 92 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ബിജെപി 441 വോട്ട് നേടിയപ്പോൾ സിപിഐയിലെ ജിനിമോൾ 349 വോട്ടും യുഡിഎഫ് സ്വതന്ത്ര വത്സല വിശ്വനാഥൻ 130 വോട്ടും നേടി.
സിപിഐയിലെ മുൻ അംഗം ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരെഞ്ഞടുപ്പ് നടന്നത്.
നിലവിൽ 19 അംഗ പഞ്ചായത്തിൽ എൽഡിഎഫ് ഭരണമാണ്. ബിജെപി വിജയത്തോടെ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്.
നിലവിലെ കക്ഷിനില എൽഡിഎഫ് -9, യുഡിഎഫ് , ബിജെപി മൂന്ന് എന്നിങ്ങിനെയാണ്. ലക്കിടി പേരൂർ പഞ്ചായത്തിൽ പത്താം വാർഡായ അകലൂർ ഈസ്റ്റിൽ നടന്ന ഉപതെരഞ്ഞടുപ്പിൽ എൽഡിഎഫ് സ്വതന്ത്രൻ വിജയിച്ചു. ടി.മണികണ്ഠൻ 237 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ബിജെപി സ്ഥാനാർഥിയായ എം.വിശ്വനാഥൻ 331 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. യുഡിഎഫ് സ്ഥാനാർഥിയായ യു.പി. രവിയ്ക്ക് 220 വോട്ടുണ്ട്. കഴിഞ്ഞ തെരെഞ്ഞടുപ്പിൽ എൽഡിഎഫ് സ്വതന്ത്രനായി വിജയിച്ച കെ.ഗോവിന്ദൻകുട്ടിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വന്നത്.
പെരിങ്ങോട്ടുകുറിശി പഞ്ചായത്തിലെ ബമ്മണ്ണൂർ ഉപതെരഞ്ഞെടുപ്പിൽ എ.വി. ഗോപിനാഥ് പക്ഷം, കോണ്ഗ്രസും പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ആർ.ഭാനുരേഖ 362 വോട്ടിന് വിജയിച്ചു.
സി.റീന (എൽഡിഎഫ് സ്വതന്ത്ര), പി.ആർ. ബിന്ദു (ബിജെപി) എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോണ്ഗ്രസിലെ രാധാ മുരളിധരൻ രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.
കോണ്ഗ്രസിലെ ആഭ്യന്തര കലാപമാണ് രാജിയിലേക്ക് നയിച്ചത്. തെരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കുകയില്ല.
കോണ്ഗ്രസ് വിട്ട എ.വി. ഗോപിനാഥ് ഉൾപ്പെടെ 10 അംഗങ്ങളുണ്ട്. സിപിഐ എമ്മിന് അഞ്ച് അംഗങ്ങളുണ്ട്.
കരിന്പ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കപ്പടം കോണ്ഗ്രസ് സീറ്റ് നിലനിർത്തി യുഡിഎഫ് സ്ഥാനാർഥി നീതു സൂരജ് 189 വോട്ടുകൾക്ക് വിജയിച്ചു.
ഗീത ബാലകൃഷ്ണൻ (എൽഡിഎഫ്, സിപിഎം), സേതു (ബിജെപി) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.
യുഡിഎഫ് അംഗമായിരുന്ന അരുണ് അച്ചുതൻ അർധ സർക്കാർ സ്ഥാപനത്തിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.