"നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല’
1299222
Thursday, June 1, 2023 1:25 AM IST
വടക്കഞ്ചേരി: ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം പാലക്കാട്, വടക്കഞ്ചേരി സമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ ലോക പുകയില രഹിത ദിനം ജില്ലാതല ഉദ്ഘാടനം മംഗലം ഗവ. ഐടിഐയിൽ നടത്തി. പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പുകയിലയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ക്യാൻസർ, ഹൃദ്രോഗം, പക്ഷാഘാതം പോലുള്ള മാരക രോഗങ്ങൾ വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ഒരുപോലെ നശിപ്പിക്കുമെന്ന് എംഎൽഎ പറഞ്ഞു. പുകയിലക്കെതിരെ ശബ്ദിക്കുക എന്നതും തെറ്റ് ചെയ്യുന്നവരെ തിരുത്തുന്നതും എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും പറഞ്ഞു. "നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല’ എന്നതാണ് ഈ വർഷത്തെ പുകയില രഹിത ദിന സന്ദേശം. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി. ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. എ.കെ അനിത ദിനാചരണ സന്ദേശം നൽകുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.
ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് കെ.സി. ബിനു, ജില്ലാ പഞ്ചായത്തംഗം അനിത പോൾസണ്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ആർ. ശെൽവരാജ്, വടക്കഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ജയശ്രീ, ഐടിഐ പ്രിൻസിപ്പാൾ എൻ.ആർ. രമേഷ്, ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി.എ. സന്തോഷ് കുമാർ, വടക്കഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ എം. നാരായണൻ പ്രസംഗിച്ചു.