മാരക ലഹരിമരുന്ന് വില്പന: രണ്ട് യുവാക്കൾ പിടിയിൽ
1299220
Thursday, June 1, 2023 1:25 AM IST
വടക്കഞ്ചേരി: മെത്തഫിറ്റാമിൻ എന്ന മാരക ലഹരി മരുന്ന് വില്പന നടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിയായി.
ഒലവക്കോട് പുതുപ്പരിയാരം സ്വദേശി ആദർശ് (26), മുട്ടിക്കുളങ്ങര സ്വദേശി സർവേഷ് (23) എന്നിവരെയാണ് വടക്കഞ്ചേരി തേനിടുക്കിനടുത്ത് ഐഎച്ച്ആർഡി കോളജിന് സമീപത്തു നിന്നും പോലീസ് സാഹസികമായി പിടികൂടിയത്.
അക്രമാസക്തമായ നിലയിലായിരുന്നു യുവാക്കൾ. ഇവരിൽ നിന്നും എട്ട് ഗ്രാമോളം രാസ ലഹരി കണ്ടെടുത്തതായി എസ് ഐ ജീഷ്മോൻ വർഗീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസ് യുവാക്കളെ നിരീക്ഷിച്ച് കുടുക്കിയത്. ഗ്രാമിന് 3500 രൂപ വിലമതിക്കുന്നതാണിത്.
സ്കൂൾ ,കോളജ് വിദ്യാർഥികൾ, യുവാക്കൾ, പെണ്‍കുട്ടികൾ എന്നിവരാണ് ഇവരുടെ ഉപഭോക്താക്കൾ. യുവാക്കളെ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി ലഹരി മരുന്നിന്റെ ഉറവിടം സംബന്ധിച്ചും മറ്റും കൂടുതൽ അന്വേഷണം നടത്തുമെന്ന് എസ്ഐ പറഞ്ഞു.
സിഐ കെ.എം. ബെന്നിയുടെ നേതൃത്വത്തിൽ എസ്ഐക്കു പുറമെ എ എസ്ഐ മാരായ ജയചന്ദ്രൻ, സന്തോഷ്, സി പിഒ ഗോപകുമാർ, ദിനൂപ്, ബാബു,ഷെറീഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാക്കളെ പിടികൂടിയത്.