നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി
1283392
Sunday, April 2, 2023 12:22 AM IST
പാലക്കാട് : മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ രൂപീകരിച്ച പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡ് ജില്ലയിൽ നടത്തിയ പരിശോധനയിൽ 77 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് പിടികൂടി.
കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിലുള്ള കടകളിൽ നടത്തിയ പരിശോധനയിൽ അഞ്ച് കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിലെ ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശിച്ച് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ പ്ലാന്റിനുള്ളിൽ കത്തിക്കുന്നത് കണ്ടെത്തിയ സ്ക്വാഡ് ബൈലോ ലംഘിച്ചതിനും കൃത്യമായി നിരീക്ഷണം നടത്താത്തതിനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ പിഴ ചുമത്തി നോട്ടീസ് നൽകി.
എലവഞ്ചേരി, ഷോളയൂർ, കൊല്ലങ്കോട്, കൊടുവായൂർ എന്നിവിടങ്ങളിലെ എം.സി.എഫുകളിലും സ്ക്വാഡ് പരിശോധന നടത്തി. അഗളി പഞ്ചായത്തിൽ പരിശോധന നടത്തിയ സംഘം മലിനജലം തോടിലേക്ക് ഒഴുക്കി വിടുന്നത് കണ്ടെത്തി.
മലിനജല സ്രോതസ് കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനും കൂടുതൽ പരിശോധന നടത്തുന്നതിനും പഞ്ചായത്തിന് നിർദേശം നൽകി. കടകളിൽ നടത്തിയ പരിശോധനയിൽ 72 കിലോ ഗ്രാം ഏകോപയോഗ നിരോധിത പ്ലാസ്റ്റിക്കുകളാണ് കണ്ടെത്തിയത്.