ബലക്ഷയം ബാധിച്ച് കുളപ്പുള്ളി നഗരസഭ ബസ് സ്റ്റാൻഡ്
1283388
Sunday, April 2, 2023 12:21 AM IST
ഷൊർണൂർ: അറ്റകുറ്റപണികൾ നടത്താത്തതിനാൽ ബലക്ഷയം ബാധിച്ച് കുളപ്പുള്ളി നഗരസഭ ബസ് സ്റ്റാൻഡ്. പട്ടാന്പി റോഡിൽ നിർമിച്ചിട്ടുള്ള ബസ് സ്റ്റാൻഡിന്റെ അവസ്ഥ ദയനീയമാണ്. ഇവിടെ യാത്രക്കാർക്ക് വേണ്ടി ഇരിക്കാൻ സ്ഥാപിച്ചിട്ടുള്ള ഇരുന്പ് ബെഞ്ചുകൾ അധികവും തുരുന്പെടുത്ത് നശിച്ചു കഴിഞ്ഞു. ബസ് സ്റ്റാൻഡിന്റെ മേൽക്കൂര ഉറപ്പിച്ചിരിക്കുന്ന ഇരുന്പ് പൈപ്പുകളും ഷീറ്റും ബലക്ഷയം ബാധിച്ച് ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്.
മേൽക്കൂര മേയാൻ ഉപയോഗിച്ച പൈപ്പുകൾ ദ്രവിച്ച് തീർന്ന അവസ്ഥയിലായിട്ട് മാസങ്ങൾ പലതു കഴിഞ്ഞു.
ഇതിന്റെ അറ്റകുറ്റപ്പടികൾ നടത്തണമെന്നും അപകട സാധ്യത ഒഴിവാക്കണമെ ന്നുമുള്ള ആവശ്യം അധികൃതർ കേൾക്കാത്ത സ്ഥിതിയാണ്. പൊതുവേ വിജനമായി കിടക്കുന്ന ബസ് സ്റ്റാൻഡിൽ കുറച്ചു മാസങ്ങളായി യാത്രക്കാർ വന്നു പോകുന്നുണ്ട്.
ഇവർക്ക് നിൽക്കാനല്ലാതെ ഇരിക്കാൻ യാതൊരു സൗകര്യവും ഇവിടെയില്ല. ഇതോടൊപ്പം ഏത് സമയവും താഴേക്ക് പതിക്കാവുന്ന ഇരുന്പ് പൈപ്പുകളെ ഭയന്ന് വേണം സമയം ചെലവഴിക്കാൻ. നഗരസഭയുടെ ഉടമസ്ഥയിലുള്ള ബസ് സ്റ്റാന്റിന്റെ നവീകരണം ഒരു ഘട്ടത്തിലും ഇതുവരെ നടത്തിയിട്ടില്ല. ബസുകൾ നാമമാത്രമായി മാത്രമാണ് ഇവിടെ വന്നു പോകുന്നത്.
തൃശൂർ ഭാഗത്തുനിന്ന് വന്നു പോകുന്ന ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാറുമില്ല. ഒറ്റപ്പാലം-പട്ടാന്പി റൂട്ടിൽ ഓടുന്ന ബസുകളും ഷൊർണൂർ പരിസരപ്രദേശങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്ന ചില ബസുകളും മാത്രമാണ് ഇവിടെ വന്നുപോകുന്നത്.
സാന്പത്തികമായി ലാഭമൊന്നും ഇല്ലാതിരിക്കുകയും നഷ്ടം നേരിടുകയും ചെയ്യുന്ന അവസ്ഥ കണക്കിലെടുത്താണ് ബസ് സ്റ്റാൻഡിന്റെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താൻ നഗരസഭ തയ്യാറാവാത്തത്. മേൽക്കൂര ഉറപ്പിച്ചിട്ടുള്ള ഇരുന്പ് പൈപ്പുകൾക്ക് പുറമേ നാലുഭാഗത്തും സ്ഥാപിച്ചിട്ടുള്ള മറ്റ് പൈപ്പുകൾക്കും ബലക്ഷയം നേരിട്ടിട്ടുണ്ട്.
തുരുന്പെടുത്ത് ദ്രവിച്ചു നില്ക്കുന്നതിനാൽ ആളുകൾക്ക് തൂണുകളിൽ തൊടാൻ പോലും ഭയമാണ്. അടിയന്തരമായി ബസ് സ്റ്റാന്റിന്റെ മേൽക്കൂരയും ഭാഗങ്ങളും അറ്റകുറ്റപണികൾ നടത്തണമെന്നാണ് ജനങ്ങളുടെയും യാത്രക്കാരുടെയും ആവശ്യം.