പ്രശംസാപത്രം വിതരണം ചെയ്തു
1283084
Saturday, April 1, 2023 12:59 AM IST
കോയന്പത്തൂർ: ദേശീയ ഉപഭോക്തൃദിന ഫെസ്റ്റിവൽ മത്സരത്തിലെ വിജയികൾക്ക് കോയന്പത്തൂർ ജില്ലാ കളക്ടറേറ്റിൽ പ്രശംസാപത്രം വിതരണം ചെയ്തു. ഭക്ഷ്യ ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഉപഭോക്തൃ ദിനാചരണവും ലോക ഉപഭോക്തൃ അവകാശ ദിനാചരണവും ജില്ലാ കളക്ടർ ക്രാന്തികുമാർ ബാഡിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ നടന്നു. ജില്ലാ റവന്യൂ ഓഫീസർ ലീല അലക്സ്, ജില്ലാ ഉപഭോക്തൃ പരാതി കമ്മീഷൻ ചെയർമാൻ തങ്കവേൽ, ഇന്ത്യൻ സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ പ്രിൻസിപ്പൽ ഡയറക്ടർ ഗോപിനാഥ്, ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പ് നിയുക്ത ഓഫീസർ തമിഴ്സെൽവൻ, ജില്ലാ സപ്ലൈ ഓഫീസർ ഗുണശേഖരൻ തുടങ്ങി നിരവധി സർക്കാർ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. ഉപന്യാസമത്സരം, കവിതാരചന, ചിത്രരചന തുടങ്ങിയ മത്സരങ്ങളിൽ വിജയിച്ച സ്കൂൾ, കോളജ് വിദ്യാർഥികൾക്കുള്ള സമ്മാനങ്ങളും മികച്ച പൗര ഉപഭോക്തൃ ഫോറങ്ങൾക്കുള്ള സമ്മാന ട്രോഫികളും ജില്ലാ കളക്ടർ വിതരണം ചെയ്തു.