നഗരസഭകൾക്കു മുന്പിൽ യുഡിഎഫ് കുത്തിയിരുപ്പ് സമരം നടത്തി
1283079
Saturday, April 1, 2023 12:59 AM IST
പാലക്കാട്: തദ്ദേശസ്ഥാപനങ്ങളോടുള്ള സംസ്ഥാന ഗവണ്മെന്റിന്റെ അവഗണനയിൽ പ്രതിഷേധിച്ച് പാലക്കാട് നഗരസഭ അങ്കണത്തിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ നടന്ന കുത്തിയിരുപ്പ് സമരം ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനം നേരിടുന്ന സാന്പത്തിക പ്രതിസന്ധി സർക്കാറിന്റെ ധൂർത്തും അഴിമതിയും ദൂരക്കാഴ്ചയില്ലാത്ത ഭരണവും കൊണ്ടുണ്ടായതാണെന്നും വീഴ്ച കൊണ്ട് ജനങ്ങളുടെ മേൽ അധികഭാരവും പകൽ കൊള്ളയുമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചടങ്ങിൽ നഗരസഭാ കക്ഷി നേതാവ് കെ.സാജോ ജോണ്‍ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്, ഐയുഎംഎൽ നിയോജക മണ്ഡലം ചെയർമാൻ സെയ്തലവി പൂളക്കാട്, സെയ്ത് മീരാൻ ബാബു, എ. കൃഷ്ണൻ, കെ.ഭവദാസ്, ബി.സുഭാഷ്, ഡി. ഷജിത് കുമാർ, കെ. മൻസൂർ, പി.എസ.് വിപിൻ, എഫ്.ബി. ബഷീർ, മിനി ബാബു, വി. ജ്യോതിമണി, ഷൈലജ, കെ.സുജാത, അനുപമ പ്രശോഭ്, ബഷീറുപ്പ എന്നിവർ പ്രസംഗിച്ചു.
ചിറ്റൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സംസ്ഥാന സർക്കാർ നടത്തുന്ന അവഗണനയിലും, ഇന്നുമുതൽ വരുത്തിയ വസ്തു നികുതി വർധനവിലും പ്രതിഷേധിച്ച് ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ കൗണ്‍സിലർമാർ നഗരസഭ ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.
ഇടയ്ക്കിടെ സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടികുറയ്ക്കുന്നതും, നഗരസഭയുടെ അശാസ്ത്രീയമായ പദ്ധതി ആസൂത്രണവും കാരണം നഗരസഭ 2023-24 വർഷം കടുത്ത വികസന മുരടിപ്പും സാന്പത്തിക പ്രതിസന്ധിയും നേരിടേണ്ടിവരുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ.സി. പ്രീത് സമരം ഉദ്ഘാടനം ചെയ്ത് ആരോപിച്ചു. പദ്ധതി വിഹിതം വെട്ടികുറയ്ക്കുന്ന സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലകൾ കാര്യക്ഷമമാക്കുവാൻ വേണ്ടി പുതുക്കിയ നികുതി ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നത് ഇരട്ടതാപ്പ് ആണെന്നും കെ.സി.പ്രീത് പറഞ്ഞു.ചിറ്റൂർ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആർ.ബാബു അധ്യക്ഷത വഹിച്ചു. കൗണ്‍സിലർമാരായ ആർ. കിഷോർ കുമാർ, അനിത കുട്ടപ്പൻ, കെ.ബാബു ദാസ്, വി.ഉഷ, ബി.പ്രിയ, സി.സുചിത്ര, എം.ജി.ജയന്തി, പി.എച്ച്.സബിതമോൾ എന്നിവർ പ്രസംഗിച്ചു.
അയിലൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ഇടതു സർക്കാർ കാണിക്കുന്ന അവഗണനയിലും ഫണ്ട് വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് അയിലൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റി നടത്തിയ കുത്തിയിരിപ്പ് സമരം ഡിസിസി സെക്രട്ടറി എം.പത്മ ഗിരീശൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ എസ്.എം. ഷാജഹാൻ അധ്യക്ഷനായി. നെന്മാറ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി.ഗോപാലകൃഷണൻ, പഞ്ചായത്തംഗങ്ങളായ എസ്.വിനോദ് , മിസ്രിയ ഹാരിസ്, സോബി ബെന്നി, കോണ്‍ഗ്രസ് നേതാക്കളായ പി.ടി. ചാക്കോ, എം.ജെ. ആൻറണി, റെജി തെങ്ങുംപാടം, എൻ. ഉണ്ണികൃഷ്ണൻ, വി. വിനേഷ്, കെ. എൻ.കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.