തെരുവ് വിളക്കുകളില്ല; കരിന്പ പഞ്ചായത്ത് മലയോര നിവാസികൾ ഭീതിയിൽ
1283075
Saturday, April 1, 2023 12:58 AM IST
കല്ലടിക്കോട്: വന്യമൃഗങ്ങൾ കൃഷിയിടത്തിലേയ്ക്കിറങ്ങുന്ന കരിന്പ പഞ്ചായത്തിലെ മലയോരമേഖലകളിൽ തെരുവ് വിളക്കുകളില്ലാത്തതിനാൽ പ്രദേശ വാസികൾ ഭീതിയിൽ.
കല്ലടിക്കോടൻ മലയോര മേഖലകളായ മേലേപ്പയ്യാനി, പറക്കലടി, മുതുകാട്പറന്പ്, അന്പതേക്കർ, കല്ലഞ്ചോല, ചെറുമല, പാങ്ങ്, ചുള്ളിയാംകുളം, മരുതുംകാട്, കൂമൻകുണ്ട്, കരിമല തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനകളടക്കമുള്ള വന്യജീവികളുടെ ഭീഷണി.
വൈകുന്നേരമായാൽ ആരും വീടിനു പുറത്തിറങ്ങാൻ പോലും ധൈര്യപ്പെടുന്നില്ല. തെരുവ് വിളക്കുകളില്ലാത്തതിനാൽ രാത്രിയായാൽ റോഡിലൂടെ നടക്കാൻ പോലും കഴിയുന്നില്ല.
ആനകൾ റോഡിലൂടെ വരുന്നതും ആളുകളെ ഓടിക്കുന്നതും പതിവാണ്.
കഴിഞ്ഞ ദിവസം പറക്കലടിയിൽ മേലേപയ്യാനിയിലും കാട്ടാനകൾ കുറുകെ ചാടി കാൽനടയാത്രക്കാരെ ഓടിച്ചിരുന്നു. കരിന്പ പഞ്ചായത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ ഓണ്‍ലൈൻ ടെണ്ടർ നൽകിയെങ്കിലും തിരുവനന്തപുരത്തുള്ള ടീമാണ് കരാർ എടുത്തത്.
നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്ന് ചുള്ളിയാംകുളത്ത് ചില ഭാഗത്ത് തെരുവ് വിളക്കുകൾ ഇട്ടു. ബാക്കിയുള്ള ഭാഗത്തുകൂടി വിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.