വിശ്വാസ നിറവിൽ ജെല്ലിപ്പാറയിൽ നാല്പതാം വെള്ളി ആചരണം
1283074
Saturday, April 1, 2023 12:58 AM IST
അഗളി: വിശ്വാസ നിറവിൽ ജെല്ലിപ്പാറ കാല്‍വരി മൗണ്ട് തീര്‍ഥാടന കേന്ദ്രത്തിൽ നാല്പതാം വെള്ളി ആചരണം.
കുരിശുമല തീർത്ഥാടനവും നാല്പതാം വെള്ളി ആചരണവും ഇന്നലെ ഉച്ചകഴിഞ്ഞു 3.30 ന് വിശുദ്ധ കുർബാനയോടെ തുടക്കമായി. കുർബാനക്ക് ഫാ.മാർട്ടിൻ തട്ടിൽ കർമികത്വം വഹിച്ചു.
ഫാ.ഹെൽബിൻ മീന്പള്ളിൽ, ഫാ.തോമസ് തോപ്പുറത്ത് എന്നിവർ സഹകർമ്മികരായി. തുടർന്ന് പള്ളിയിൽ നിന്ന് കരുണയുടെ ജപമാല ചൊല്ലി കുരിശുമലയുടെ അടിവാരത്തിലേക്ക് നീങ്ങി.
പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പീഡാനുഭവ സന്ദേശവും വിശുദ്ധ കുരിശിന്റെ ആശീർവാദവും നൽകി.
നാം വഹിക്കുന്ന കുരിശ് നമ്മെ ക്രിസ്തുവാക്കുന്നു. വിശ്വാസ ജീവിതം വെല്ലുവിളികളിലൂടെ കടന്നു പോകുന്പോൾ ക്രിസ്തുവിന്റെ കുരിശിനെ നാം മുറുകെ പിടിക്കണം.
സഹനം കുരിശോട് ചേർത്ത് വയ്ക്കുന്പോൾ അത് ആത്മീയമായ ഉന്നമനത്തിനു കാരണമാകുന്നുവെന്ന് ബിഷപ് ഉദ്ബോധിപ്പിച്ചു.
താവളം ഫോറോനയിൽ നിന്നും രൂപതയിലെ മറ്റു ഇടവകകളിൽ നിന്നും വന്ന വൈദികരും, സന്യസ്തരും നൂറുകണക്കിന് വിശ്വാസികളും തിരുക്കർമങ്ങളിൽ പങ്കെടുത്തു. തിരുക്കർമങ്ങൾക്ക് ശേഷം നേർച്ച വിതരണവും നടന്നു.