കുന്നംകുളം എസിപിക്കെതിരെ ആരോപണവുമായി ദേശ വേല കമ്മിറ്റികൾ
1283073
Saturday, April 1, 2023 12:58 AM IST
ചേലക്കര: ചേലക്കര അന്തിമഹാകാളൻകാവ് വേലയുടെ വെടിക്കെട്ട് മുടങ്ങിയതുമായി ബന്ധപ്പെട്ട് കുന്നംകുളം എസിപിക്കെതിരെ ഗുരുതര ആരോപണവുമായി ദേശവേല കമ്മിറ്റികൾ.
കഴിഞ്ഞ തവണ വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് എസിപി സിനോജും വേലകമ്മിറ്റികളുമായി അസ്വാരസ്യം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇത്തവണയും വെടിക്കെട്ട് മനപൂർവം മുടക്കിയതെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
വേല ദിവസം രാത്രി പെസോ അധികാരികൾക്കൊപ്പം എത്തിയ എസിപി വെടിക്കെട്ട് നടത്താനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം ധിക്കരിക്കുകയും പോലീസിന് ഉത്തരവാദിത്വമില്ലെന്നു പറഞ്ഞ് മനപൂർവം വെടിക്കെട്ട് നടത്താതിരിക്കാനുള്ള പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നെന്നു ഭാരവാഹികൾ പറഞ്ഞു.
റവന്യു ഉദ്യോഗസ്ഥരും എഡിഎമ്മും വെടിക്കെട്ട് ആചാരാവശ്യമാണെന്നും ഉചിതമായ നടപടിയെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും എസിപി അനുസരിച്ചില്ലെന്നും ഇദ്ദേഹത്തെ നിയന്ത്രിക്കേണ്ടവർ ഇടപെട്ടില്ലന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
പത്രസമ്മേളനത്തിൽ ദേശവേല കമ്മിറ്റി ഭാരവാഹികളായ പി.കെ. സുനിൽ, രാജേഷ് നന്പ്യാത്ത്, മനോജ് കുമാർ, രാജൻ നന്പ്യാത്ത്, കെ. സന്താനഗോപാലൻ, ശ്രീകുമാർ താമറ്റൂർ, രാമചന്ദ്രൻ മണ്ണംപറന്പിൽ, ഉണ്ണിക്കുട്ടൻ കോതനാത്ത്, ജിതേഷ് കാളാത്ത് എന്നിവർ പങ്കെടുത്തു.